തൃശ്ശൂർ: ഏങ്ങണ്ടിയൂരിൽ പ്ലസ് വൺ വിദ്യാർത്ഥി അമൽകൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അമ്മ ശിൽപ. മകൻ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും ആരോ പ്രേരിപ്പിച്ചതാണെന്നും ശിൽപ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
2021 മാർച്ച് 18 ന് അമ്മയോടൊപ്പം ബാങ്കിൽ പോയ ശേഷം കാണാതായ അമൽ കൃഷ്ണയുടെ മൃതദേഹം അഴുകിയ നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തളിക്കുളം ഹൈസ്ക്കൂളിന് സമീപം ദേശീയപാതയ്ക്കരികിൽ ആൾ താമസമില്ലാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അമലിന്റെ മൊബൈൽ ഫോണും എടിഎം കാർഡിന്റെ ഭാഗവും വീട്ടിൽ നിന്ന് കണ്ടെത്തി. മകൻ ആത്മഹത്യ ചെയ്യില്ലെന്നും സമഗ്ര അന്വേഷണം വേണമെന്നും അമ്മ ശിൽപ ആവശ്യപ്പെട്ടു
ദേശീയപാതയ്ക്ക് സമീപമുള്ള ഹോട്ടൽ നടത്തിപ്പുകാർ അടഞ്ഞു കിടന്നിരുന്ന വീട് വാടകയ്ക്ക് എടുത്തിരുന്നു. വൃത്തിയാക്കാനായി പോയപ്പോഴാണ് മാസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. വീടിന്റെ പിൻവാതിൽ തള്ളിത്തുറന്ന നിലയിലായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡിഎൻഎ പരിശോധന പിന്നീട് നടക്കും