ഹരിയാനയില്‍ അജ്ഞാത പനി പടരുന്നു: ഏഴ് കുട്ടികള്‍ മരിച്ചു

ചണ്ഡിഗഡ്: ഹരിയാനയിലെ പല്‍വാള്‍ ജില്ലയിലെ ചെറുഗ്രാമത്തില്‍ അജ്ഞാത രോഗം പടരുന്നു. ചില്ലി ഗ്രാമത്തില്‍ കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചത് 7കുട്ടികള്‍. 35 കുട്ടികളടക്കം 44 പേര്‍ ചികിത്സയില്‍. പനിയുമായാണു കുട്ടികള്‍ ആശുപത്രികളിലെത്തിയത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഡെങ്കിപ്പനിയോ മലമ്പനിയോ ആകാം പടരുന്നതെന്നാണു ആരോഗ്യപ്രവര്‍ത്തകരുടെ നിഗമനം. ഇതു സംബന്ധിച്ച പരിശോധനാഫലം പുറത്തുവന്നിട്ടില്ലെന്നു എസ്.എം.ഒ. വിജയ് കുമാര്‍ അറിയച്ചു. എന്നാല്‍, മാലിന്യം കലര്‍ന്ന കുടിവെള്ളമാണു രോഗം വിതയ്ക്കുന്നതെന്നാണു നാട്ടുകാരുടെ നിലപാട്. നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ആശാ വര്‍ക്കര്‍മാര്‍ പോലും ഗ്രാമം സന്ദര്‍ശിച്ചില്ലെന്നു വില്ലേജ് സര്‍പഞ്ച് നരേഷ് കുമാര്‍ ആരോപിച്ചു.

Share
അഭിപ്രായം എഴുതാം