ലാഹോര്‍: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കി ഒരുമാസം പിന്നിടുന്ന ഘട്ടത്തില്‍ അഫ്ഗാന്‍ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയായ തൊര്‍ഖാം വഴിയാണ് ഇവര്‍ പാകിസ്ഥാനില്‍ എത്തിയതെന്നും ഇവരുടെ കൈവശം വ്യക്തമായ യാത്രാരേഖകള്‍ ഉണ്ടായിരുന്നെന്നും പാകിസ്ഥാന്‍ വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി ഫവാദ് ചൗധരി പറഞ്ഞു.
പാകിസ്ഥാനു വേണ്ടി അണ്ടര്‍-14 , അണ്ടര്‍-16, അണ്ടര്‍-18 ടീമുകളില്‍ കളിച്ച വനിതാ താരങ്ങളാണ് കഴിഞ്ഞ ദിവസം ലാഹോറില്‍ എത്തിയത്.
‘ അഫ്ഗാനിസ്ഥാന്‍ വനിത ഫുട്‌ബോള്‍ ടീമിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അഫ്ഗാനിസ്ഥാന്‍ പാസ്‌പോര്‍ട്ടും പാകിസ്ഥാന്‍ വിസയുമടക്കമുള്ള എല്ലാ രേഖകളും അവരുടെ കയ്യിലുണ്ടായിരുന്നു. പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധി നൗമന്‍ നദീം ഇവരെ സ്വീകരിച്ചു,’ തന്റെ ട്വീറ്റില്‍ ഫവാദ് ചൗധരി പറഞ്ഞു.