തിരുവനന്തപുരം: കേന്ദ്രത്തിന്റെ സംസ്ഥാനങ്ങളോടുള്ള ധനവിതരണത്തിലെ സമീപനത്തിൽ കൃത്യമായ പദ്ധതി തുടരേണ്ടതുണ്ടെന്നും നമ്മുടെ ട്രഷറിയും സർക്കാർ സംവിധാനങ്ങളും ആരോഗ്യമേഖലയും ശക്തിപ്പെടുത്തുന്നതിന് അത് അനിവാര്യമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വികാസ് ഭവനിലെ നവീകരിച്ച സബ് ട്രഷറിയുടെ ഉദഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര നയത്തിലെ വ്യത്യാസം കാരണം ഏകദേശം 16000 കോടി രൂപ കേരളത്തിന് കുറവുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ട്രഷറികൾ ഏതൊരു ബാങ്കിനോടും കിടപിടിക്കുന്ന ആധുനിക രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. 36 ഓളം ട്രഷറികൾ ഇത്തരത്തിൽ ആധുനിക സൗകര്യങ്ങളിലേക്കു മാറിക്കഴിഞ്ഞു. ഇ ബാങ്കിങ് സൗകര്യം, കൂടുതൽ പലിശ എന്നിവ ട്രഷറികളുടെ പ്രത്യേകതയാണ്. പോരായ്മകൾ പരിഹരിച്ചു മുന്നോട്ടു കൊണ്ടുപോകുവാനുള്ള പരിശ്രമങ്ങളാണ് വകുപ്പ് നടത്തുന്നത്. ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ , കുന്നുകുഴി കൗൺസിലർ മേരി പുഷ്പം, ട്രഷറി ഡയറക്റ്റർ എ എം ജാഫർ, ഡെപ്യൂട്ടി ഡയറക്ടർ ബീന, മറ്റു ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.