ആലപ്പുഴ: ജില്ലയിലെ ജാഗ്രത സമിതികളെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നതിന് ജില്ല പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും ശിശു ക്ഷേമ വകുപ്പും മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് എച്ച്. സലാം എംഎല്‍എ പറഞ്ഞു. ജില്ലാതല ജാഗ്രത സമിതിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും പരിശീലന ക്ലാസിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഒരു ചെറിയ പ്രയാസം വന്നാല്‍ പോലും അതിനെ അതീവ ഗൗരവമായി കാണുകയെന്നത് സാമൂഹികമായി കൂടുതല്‍ മെച്ചപ്പെടാനുള്ള വഴിയാണ്. സ്ത്രീ സമൂഹത്തിന് എതിരെയുള്ള പ്രവര്‍ത്തികള്‍ കേരള സംസ്‌ക്കാരത്തിന് ചേര്‍ന്നതല്ല. സമൂഹത്തിലെ ഒരു ചെറിയ വിഭാഗം മാത്രമാണ് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത്. ഇതിനെ ഇല്ലാതാക്കുകയെന്നത് സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണ്. താഴെത്തട്ട് മുതല്‍ മുകളിലെ തട്ട് വരെയുള്ള ജാഗ്രത സമിതികളുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിലൂടെ ഇത് സാധിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിപിന്‍ സി. ബാബുവിന് നല്‍കി എംഎല്‍എ പോസ്റ്റര്‍ പ്രകാശനം ചെയ്തു. സംസ്ഥാന ജന്റര്‍ ഉപദേഷ്ടാവ് ഡോ.ആനന്ദി ‘ലിംഗ സമത്വം, സ്ത്രീ ശാക്തീകരണം’ എന്ന വിഷയത്തിലും കില ഫാക്കല്‍റ്റി ഷാജി സി. സാം ‘ജാഗ്രത സമിതി ഘടനയും പ്രവര്‍ത്തനങ്ങളും’ എന്ന വിഷയത്തിലും ക്ലാസുകള്‍ നടത്തി. ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ അഡ്വ.ടി.എസ്. താഹ, പ്രിയ ടീച്ചര്‍, ജില്ല പഞ്ചായത്ത് അംഗം പി. അഞ്ജു, വനിതാ ശിശു വികസന ഓഫീസര്‍ എല്‍. ഷീബ, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.