എറണാകുളം: ജില്ലയിലെ അർഹരായ മുഴുവൻ പേർക്കും പട്ടയം ലഭ്യമാക്കുന്നതിന് വിപുലമായ പട്ടയമേള ഡിസംബറിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി. പി. രാജീവ്. എറണാകുളം ടൗൺ ഹാളിൽ ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. അപേക്ഷകളിൽ സമയബന്ധിതമായി തീർപ്പ് കൽപ്പിച്ച് ജനങ്ങൾക്ക് ആശ്വാസമേകാനാണ് സർക്കാർ ശ്രമിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റവന്യൂ വകുപ്പ് ഒറ്റക്കെട്ടായി നിന്നു പ്രവർത്തിച്ചപ്പോൾ സംസ്ഥാനത്തുടനീളം നിശ്ചയിച്ചതിനേക്കാൾ പട്ടയങ്ങൾ നൽകാൻ കഴിഞ്ഞു. ഈ സർക്കാർ മുൻസർക്കാരിന്റെ തുടർച്ചയായതിനാൽ അതിവേഗം നയങ്ങളും പദ്ധതികളും നടപ്പാക്കാൻ കഴിയുന്നു. ഡിജിറ്റൽ സർവേ അടക്കം മൗലികമായ മാറ്റങ്ങളാണ് റവന്യൂ വകുപ്പിൽ നടപ്പാക്കുന്നത്. സേവനങ്ങൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം.
കാലങ്ങളായി താമസിക്കുന്ന ഭൂമിക്ക് അവകാശം ലഭിക്കുന്നത് വഴി വലിയ ആശ്വാസമാണ് ജനങ്ങൾക്ക് ലഭിക്കുന്നത്. ആരുടെയും മുന്നിൽ കൈ നീട്ടാതെ സ്വന്തമായി ബാങ്ക് വായ്പ എടുക്കാനും മെച്ചപ്പെട്ട ജീവിതം സാധ്യമാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടയ വിതരണത്തിൽ ഉദ്യോഗസ്ഥർ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ഹൈബി ഈഡൻ എം.പി. പറഞ്ഞു. ജില്ലയിലെ നിരവധി പ്രദേശങ്ങളിൽ പട്ടയം ലഭിക്കാനുള്ളവർ എറെയുണ്ട്. പട്ടയ വിതരണത്തിൽ ഉദ്യോഗസ്ഥർ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തമായി ഭൂമി വേണമെന്ന പൊതുബോധം നമ്മുടെ സംസ്ഥാനത്ത് മാത്രമാണുള്ളതെന്ന് മേയർ അഡ്വ. എം. അനിൽകുമാർ പറഞ്ഞു. ടി.ജെ. വിനോദ് എം. എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽഎമാരായ പി.ടി. തോമസ്, കെ.ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ജാഫർ മാലിക്, അസിസ്റ്റന്റ് കളക്ടർ സച്ചിൻ കുമാർ യാദവ്,
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ മുഹമ്മദ് ഷിയാസ്, ടി.പി. അബ്ദുൾ അസീസ്, എ.എൻ. നജീബ്, എഡിഎം എസ്. ഷാജഹാൻ, ഡെപ്യൂട്ടി കളക്ടർമാരായ കെ.ടി. സന്ധ്യാദേവി, എൻ.ആർ വൃന്ദാദേവി, എൻ.എസ് ബിന്ദു, എച്ച്. എസ്. ജോർജ് ജോസഫ്, കണയന്നൂർ തഹസിൽദാർ രഞ്ജിത് എം ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.