ഭവാനിപൂരില്‍ മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ബിജെപി

കൊൽക്കത്ത: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഭവാനിപൂരില്‍ നിന്ന് മത്സരിക്കുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ബിജെപി. മമതയുടെ പേരില്‍ അസമില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ക്രിമിനല്‍ കേസുകള്‍ നാമനിര്‍ദേശ പത്രികയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ബി.ജെ.പിയുടെ ആരോപണം.

സെപ്തംബര്‍ 30നാണ് ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിച്ച മമത ബി.ജെ.പിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അവര്‍ക്ക് ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നത്. പ്രിയങ്ക തിബ്രെവാള്‍ ആണ് ബി.ജെ.പി സ്ഥാനാര്‍ഥി.

മമതക്കെതിരെ അഞ്ച് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും ഇത് നാമനിര്‍ദേശ പത്രികയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് തിബ്രെവാളിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റായ സജല്‍ ഘോഷ് റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. അതേസമയം പരാതി ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ഇലക്ഷന്‍ കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന സുവേന്ദു അധികാരി ഇതേ ആരോപണമുന്നയിച്ച് മമതക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി തള്ളുകയായിരുന്നു.

Share
അഭിപ്രായം എഴുതാം