മലപ്പുറം: മില്‍മയുടെ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ‘ഫുഡ് ട്രക്ക്’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ സജ്ജമാക്കിയ ജില്ലയിലെ ആദ്യ ഫുഡ് ട്രക്കിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പഴയ ബസ് ഉപയോഗിച്ചുള്ള മില്‍മയുടെ ഫുഡ് ട്രക്ക് നൂതനവും ആകര്‍ഷണീയവുമായ പദ്ധതിയാണെന്നും വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ സ്റ്റാന്‍ഡിലെത്തുന്നതിനാല്‍ മില്‍മയുടെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു ലക്ഷത്തോളം ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായാണ് മില്‍മയുടെ മലബാര്‍ മേഖല യൂണിറ്റ് നൂതനമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ക്ഷീര കര്‍ഷകര്‍ക്ക് സഹായങ്ങള്‍ നല്‍കാനും അവരെ ചേര്‍ത്തു നിര്‍ത്താനും മില്‍മ നടത്തുന്ന ശ്രമങ്ങളെ സര്‍ക്കാര്‍ നല്ലരീതിയിലാണ് കാണുന്നത്. അതിനാലാണ് സര്‍ക്കാര്‍ മില്‍മക്ക് ഇത്രയധികം സഹായങ്ങള്‍ നല്‍കുന്നത്. സാധാരണക്കാരായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതില്‍ സര്‍ക്കാര്‍ മില്‍മയെ സഹായിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രളയ കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ക്ഷീര കര്‍ഷകരെ കൂടെ നിര്‍ത്താന്‍ മില്‍മക്ക് കഴിഞ്ഞത് വലിയ കാര്യമാണെന്നും ക്ഷീര കര്‍ഷകര്‍ക്കായി മാതൃക പരമായ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളാണ് യൂണിയന്‍ ചെയ്തു വരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മില്‍മ മലബാര്‍ മേഖല യൂനിയനും കെ.എസ്.ആര്‍.ടി.സിയും സംയുക്തമായാണ് ഫുഡ് ട്രക്ക് പദ്ധതി നടപ്പാക്കുന്നത്. മലബാര്‍ മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ ന്യായമായ വിലയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.കെ.എസ്.ആര്‍.ടി.സിയുടെ പഴയ ബസുകള്‍ മില്‍മ ഏറ്റെടുത്ത് നവീകരിച്ച് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ വ്യാവസായിക പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ബസുകള്‍ സ്ഥാപിച്ച് ഫുഡ് ട്രക്ക് പദ്ധതിയിലൂടെ മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും വിതരണം ചെയ്യാനാണ് തീരുമാനം. ഫുഡ് ട്രക്കിന് കെ.എസ്.ആര്‍.ടി.സിക്ക് മില്‍മ പ്രതിമാസ വാടകയും നല്‍കും. രണ്ടു ലക്ഷത്തിന് വാങ്ങിയ കെ.എസ്.ആര്‍.ടി.സി പഴയ ബസ് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചാണ് ഫുഡ് ട്രക്ക് ആക്കി മാറ്റിയിരിക്കുന്നത്. ഫുഡ് ട്രക്കില്‍ ഒരേ സമയം എട്ട് പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാം.
മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി അധ്യക്ഷനായി. പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി.ഷാജി താക്കോല്‍ദാനം നിര്‍വഹിച്ചു.പെരിന്തല്‍മണ്ണ നഗരസഭ കൗണ്‍സിലര്‍ ഹുസൈന നാസര്‍ ആദ്യ വില്‍പ്പന നടത്തി. മില്‍മ മലബാര്‍ യൂനിയന്‍ ഡയറക്ടര്‍ ടി.പി.ഉസ്മാന്‍, മലബാര്‍ യൂനിയന്‍ മാനേജിങ് ഡയറക്ടര്‍ ഡോ.പി.മുരളി, മില്‍മ മലപ്പുറം ഡയറി മാനേജര്‍ മാത്യു വര്‍ഗ്ഗീസ്, പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി.രാധാകൃഷ്ണന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.