ഇന്ത്യൻ ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ച് ബഹ്റൈൻ ഹൈ അഡ്‍മിനി‍സ്ട്രേഷൻ കോടതി

മനാമ: വിവാഹ മോചനക്കേസിൽ ഇന്ത്യയിലെ ഹിന്ദു വിവാഹ നിയമപ്രകാരം വിധി പറഞ്ഞ് ബഹ്റൈൻ കോടതി. രാജ്യത്തെ ഹൈ അഡ്‍മിനി‍സ്‍ട്രേഷൻ കോടതിയാണ് ഇന്ത്യൻ ദമ്പതികളുടെ വിവാഹ മോചനക്കേസിൽ 1955ലെ ഹിന്ദു വിവാഹ നിയമം അടിസ്ഥാനമാക്കി വിവാഹമോചനം അനുവദിച്ചത്. ബഹ്റൈൻ നിയമം 21-ാം വകുപ്പ് പ്രകാരമായിരുന്നു ഈ നടപടി.

കഴിഞ്ഞ 10 വർഷമായി തന്നിൽ നിന്ന് അകന്നു കഴിയുന്ന ഭാര്യയിൽ നിന്ന് വിവാഹമോചനം തേടിയാണ് ഇന്ത്യക്കാരൻ കോടതിയെ സമീപിച്ചത്. മുസ്‍ലിംകളല്ലാത്തവരുടെ വ്യക്തിപരമായ കേസുകളിൽ അവരുടെ വിവാഹം രജിസ്റ്റർ ചെയ്‍ത രാജ്യത്തിലെ നിയമം അടിസ്ഥാനപ്പെടുത്തി വിധി പറയാമെന്ന ബഹ്റൈൻ നിയമത്തിലെ 21-ാം വകുപ്പ് പ്രകാരമായിരുന്നു കോടതിയുടെ നടപടി.

1997ൽ വിവാഹിതരായ ദമ്പതികൾ 2009 വരെ 12 വർഷം ഒരുമിച്ച് ജീവിച്ചുവെന്നും പിന്നീട് പ്രശ്‍നങ്ങളുണ്ടായെന്നുമാണ് കേസ് രേഖകൾ വ്യക്തമാക്കുന്നത്. ഒരുമിച്ച് പോകാനാത്ത തർക്കങ്ങൾ കാരണം ഇരുവരും പിന്നീട് വെവ്വേറെ സ്ഥലങ്ങളിൽ താമസിച്ചു. ഇത് സത്യമാണെന്ന് തെളിയിക്കാൻ രണ്ട് സാക്ഷികളെയും ഭർത്താവ് കോടതിയിൽ ഹാജരാക്കി. ഇയാളുടെ വാദങ്ങൾ അംഗീകരിച്ച കോടതി, സാക്ഷി മൊഴികളുടെ കൂടി അടിസ്ഥാനത്തിൽ വിവാഹമോചനം അനുവദിക്കുകയായിരുന്നു.

1955ലെ ഹിന്ദു വിവാഹ നിയമപ്രകാരം രണ്ട് വർഷത്തിൽ കുറയാത്ത കാലയളവിൽ ഉപേക്ഷിച്ച് പോകുന്നവരിൽ നിന്ന് വിവാഹ മോചനം അനുവദിക്കപ്പെടും. ഇത്തരം സാഹചര്യത്തിൽ ഭാര്യക്കോ ഭർത്താവിനോ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്യാം.

എന്നാൽ ഇതാദ്യമായല്ല ഇന്ത്യയിലെ ഹിന്ദു വിവാഹ നിയമം അടിസ്ഥാനപ്പെടുത്തി ബഹ്റൈനിലെ കോടതി കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ വർഷം മേജർ സിവിൽ കോടതിയിലും മറ്റൊരു ഇന്ത്യൻ ദമ്പതികളുടെ വിവാഹ മോചന കേസ് എത്തിയിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഭാര്യ തന്നെ ഉപേക്ഷിച്ചുപോയെന്ന് കാണിച്ച് ഭർത്താവാണ് കോടതിയെ സമീപിച്ചതെങ്കിലും ഇതിന് തെളിവുകളോ സാക്ഷികളെയോ ഹാജരാക്കാൻ പരാതിക്കാരന് സാധിക്കാത്തതിനാൽ കോടതി കേസ് തള്ളുകയായിരുന്നു. കോടതി ചെലവുകൾ വഹിക്കാനും പരാതിക്കാരനോട് അന്ന് ഉത്തരവിട്ടിരുന്നു

Share
അഭിപ്രായം എഴുതാം