കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. പി എച്ച് ആയിഷ ബാനുവാണ് ഹരിതയുടെ സംസ്ഥാന പ്രസിഡന്‍റ്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. ഷാഹിദ റാഷിദ, ആയിഷ മറിയം, നജ്‌വ ഹനീന എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. അഷ്ഫില, ഫായിസ, അദീല ഫർസാന എന്നിവർ സെക്രട്ടറിമാർ ആണ്. നൈന സുരേഷ് ആണ് ട്രഷറർ.
ജൂണ്‍ 22 ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് പഴയ ഹരിത സംസ്ഥാന കമ്മിറ്റിയിലെ 10 നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്‍റെയും പ്രതികരണമെന്നായിരുന്നു ഹരിത നേതാക്കള്‍ പറഞ്ഞത്. നവാസ് അടക്കമുളള എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ നടപടിയെടുക്കാതെ വനിതാ കമ്മീഷന് നല്‍കിയ പരാതി പല തവണ സംസ്ഥാന നേതൃത്വതം ആവശ്യപ്പെട്ടിട്ടും പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു ഹരിത. ഇതിന് പിന്നാലെ ഹരിത നേതാക്കള്‍ അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു.
പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ഇപ്പോഴത്തെ പ്രസിഡന്‍റ് ആയിഷ ബാനു. ജനറല്‍ സെക്രട്ടറിയായ റുമൈസ റഫീഖ് നേരത്തെ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റും ട്രഷററായ നയന സുരേഷ് മലപ്പുറം ജില്ലാ ഭാരവാഹിയും ആയിരുന്നു. ഹരിത വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുന്‍ ഭാരവാഹികള്‍ക്ക് നിഗൂഡ ലക്ഷ്യങ്ങളുണ്ടായിരുന്നു എന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.