ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവർച്ച. താലൂക്കാശുപത്രിക്ക് സമീപത്തെ കെ.പി റോഡിനോട് ചേർന്ന സാധുപുരം ജ്വല്ലറിയിൽ നിന്നും കൗണ്ടറിലുണ്ടായിരുന്ന 40,000 ഓളം രൂപയും എട്ട് കിലോയോളം വെള്ളി ആഭരണങ്ങളും വിളക്കിചേർക്കാനായി വച്ചിരുന്ന ഒരു പവൻ സ്വർണാഭരണവും നഷ്ടമായി.
തെളിവുകളില്ലാതാക്കാൻ സി.സി.ടി.വി കാമറകൾ തിരിച്ചുവെച്ച സംഘം ഹാർഡ് ഡിസ്കുകൾ ഊരിയെടുത്താണ് മടങ്ങിയതെന്നും റിപ്പോർട്ടുണ്ട്. 11/09/21 ശനിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്.
പുറകുവശത്തെ ഭിത്തി തുരന്ന് ആര്യവൈദ്യശാലക്കുള്ളിൽ കയറിയ കള്ളൻമാർ ഇതിനുള്ളിൽ നിന്നാണ് ജ്വല്ലറിയുടെ ഭിത്തി തകർത്ത് അകത്ത് കടന്നത്. തുടർന്ന് കട്ടർ ഉപയോഗിച്ച് ലോക്കർ പൊളിക്കാൻ ശ്രമിച്ചെങ്കിലും ഒരു ലെയർ മാത്രമെ പൊളിക്കാനായുള്ളു.
മോഷണശ്രമം പരാജയപ്പെട്ടതോടെ രണ്ട് ഗ്യാസ് സിലണ്ടറുകളും ഇവിടെ ഉപേക്ഷിച്ചിരുന്നു. സമീപ പ്രദേശങ്ങളിൽ നിന്നും മോഷ്ടിച്ചവയാണ് ഇവയെന്നാണ് കരുതുന്നത്.