ആലപ്പുഴ: സംസ്ഥാന സർക്കാരും കൊച്ചി ബിനാലെ ഫൗണ്ടേഷനും ചേർന്ന് ജില്ലയിൽ നടത്തുന്ന ലോകമേ തറവാട് കലാപ്രദർശനം അത്ഭുതകരമായ ഒന്നാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. മുഴുവന്‍ മലയാളികളും കണ്ടിരിക്കേണ്ടതാണീ പ്രദര്‍ശനം. കയര്‍ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ വേദികളിൽ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഓരോ പ്രതിസന്ധിയും പുതിയ സാധ്യതകള്‍ തുറന്നു തരും. ബോസ് കൃഷ്ണമാചാരിയും സംഘവും ഈ പുതിയ പ്രയോഗത്തിലൂടെ ഇത് തെളിയിച്ചിരിക്കുകയാണ്. ബിനാലെയില്‍ വിദേശ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാകാറുണ്ട്. ഇവിടെ 267 മലയാളി ആര്‍ട്ടിസ്റ്റുകളുടെ ഒരു സംഗമമാണ് നടക്കുന്നത്. ഇതൊരു പുതിയ അനുഭവമാണ്. ലോകത്തെ വിവിധ ബിനാലെകള്‍ക്കൊപ്പം നില്‍ക്കുന്ന മികവാര്‍ന്ന ഒരു പ്രദര്‍ശനമാണ് ഇവിടെ നടക്കുന്നത്. അതില്‍ പ്രധാനം സ്ത്രീ പങ്കാളിത്തമാണ്. തൊഴിലിലുള്‍പ്പെടെ ജീവിതത്തിന്റെ പല തലങ്ങളിലുള്ള സ്ത്രീയെ അവതരിപ്പിക്കുന്ന ഒത്തിരിയേറെ കലാസൃഷ്ടികൾ ഇവിടെ കാണാന്‍ കഴിഞ്ഞു. ലോകമേ തറവാട് നമ്മുടെയൊരു കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ്. അതിന് ബോസിനെയും സംഘത്തെയും പ്രത്യേകം അഭിനന്ദിക്കുന്നെന്നും മന്ത്രി പറഞ്ഞു. അഡ്വ.എ.എം. ആരിഫ് എം.പി, പി.ആര്‍.ഡി, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആര്‍. റിയാസ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.