സംസ്ഥാനനേതാക്കളടക്കം പങ്കെടുത്ത സിപിഎം യോഗത്തില്‍ കോവിഡ്‌ പ്രോട്ടോകോള്‍ ലംഘനം : പോലീസ്‌ നോക്കി നിന്നു

തിരുവല്ല : കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ തിരുവല്ലയില്‍ സിപിഎം പൊതുയോഗം. സമ്പൂര്‍ണ ലോക്കഡൗണ്‍ ദിവസമായ ഞായറാഴ്‌ചയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. വിവിധ പാര്‍ട്ടികളില്‍ നിന്നെത്തിയവരെ സ്വീകരിക്കുന്നതിനായിരുന്നു പരിപാടി. സെക്രട്ടറിയേറ്റ്‌ അംഗം കെജെ തോമസ്‌, ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, മുന്‍ ജില്ലാ സെക്രട്ടറി അഡ്വ.അനന്ദഗോപന്‍ എന്നിവരടക്കം പ്രമുഖ നേതാക്കളെല്ലാം തിരുവല്ല കുറ്റൂരില്‍ ഞായറാഴ്‌ച ഉച്ചയോടെ നടന്ന പൊതുയോഗത്തിലുണ്ടായിരുന്നു.

തിരുവല്ലയില്‍ കഴിഞ്ഞ മാസം മതില്‍ തകര്‍ത്ത വയോധികനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയായ പഞ്ചായത്ത്‌ പ്രസിഡന്റ് , കെജി സഞ്‌ജുവും നേതാക്കള്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തിരുന്നു. കേസില്‍ ഏഴാം പ്രതിയായ സഞ്‌ജുവിനെ ഇതുവരെ അറസ്റ്റ്‌ ചെയ്‌തിട്ടില്ല. കോവിഡ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ചുളള പരിപോടിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തുവന്നു.

ഡിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ചടങ്ങില്‍ ആളുകളുടെ എണ്ണം കൂടിയെന്നുപറഞ്ഞ്‌ നൂറോളം പേര്‍ക്കെതിരെ കേസെടുത്ത പോലീസ്‌ ഇതിനെതിരെയും നടപടിയെടുക്കാന്‍ തയാറാവണമെന്ന്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു. നേതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴ തിരുവല്ല ഡിവൈഎസ്‌പിക്ക്‌ പരാതി നല്‍കി.

Share
അഭിപ്രായം എഴുതാം