ചന്ദ്രിക അക്കൌണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതി; കെ.ടി ജലീല്‍ ഇ ഡി ഓഫീസില്‍ ഹാജരായി തെളിവ് നല്‍കും

കൊച്ചി: ചന്ദ്രിക ദിനപത്രം അക്കൌണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ കെ.ടി ജലീല്‍ 08/09/21 വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി തെളിവ് നല്‍കും. വ്യാഴാഴ്ച ഹാജരാകണമെന്ന് ഇ.ഡി നേരത്തെ ജലീലിനോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ആഴ്ചയില്‍ ജലീലിന് നോട്ടീസ് നല്‍കുകയും ഹാജരാവുകയും ചെയ്തിരുന്നു. പ്രാഥമിക വിവരങ്ങള്‍ നല്‍കിയെന്നാണ് ജലീല്‍ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന് ജലീല്‍ അന്ന് പറയുകയുണ്ടായി.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം തുടങ്ങിയത്. പാലാരിവട്ടം പാലം അഴിമതിയില്‍ നിന്ന് ലഭിച്ച പണം നോട്ട് നിരോധന സമയത്ത് കള്ളപ്പണം വെളുപ്പിക്കുന്നതിനായി അന്നത്തെ മന്ത്രി ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൌണ്ടില്‍ നിക്ഷേപിച്ചു എന്നാണ് പരാതി.

ചന്ദ്രികയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്ളവരെ അടക്കം ചോദ്യംചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം. പി കെ കുഞ്ഞാലിക്കുട്ടി, മകന്‍ തുടങ്ങിയവര്‍ക്കെല്ലാം നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവര്‍ ഹാജരാവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്ന് കെ ടി ജലീല്‍ അവകാശപ്പെട്ടത്.

Share
അഭിപ്രായം എഴുതാം