പവർഹൗസ്, കൊമ്മാടി പാലങ്ങൾ ആറ് മാസത്തിനകം പൂർത്തിയാക്കും : പി. പി. ചിത്തരഞ്ജൻ എം.എൽ.എ.

ആലപ്പുഴ: നഗരത്തിലെ പ്രധാന പാലങ്ങളായ പവർഹൗസ് പാലത്തിന്റെ നിർമ്മാണം ആറു മാസത്തിനകവും കൊമ്മാടി പാലത്തിന്റെ നിമ്മാണം ഒരു വർഷത്തിനകവും പൂർത്തിയാക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അറിയിച്ചു. ഇരു പാലങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ നിർമ്മാണ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു എം.എൽ.എ. നഗരത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തെ പാലങ്ങൾ എന്ന നിലയിൽ രണ്ടിടങ്ങൾക്കും തുല്യപ്രാധാന്യമാണുള്ളത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച ഇരു പാലങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഈ സർക്കാർ വലിയ പിന്തുണയും ശ്രദ്ധയുമാണ് നൽകുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാനും ഗതാഗതം കൂടുതൽ സൗകര്യപ്രദമാക്കാനും ഈ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവുന്നതോടെ സാധിക്കുമെന്ന് എം.എൽ.എ. പറഞ്ഞു.

പവർ ഹൗസ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് 13 ബീമുകളുടെയും പാലത്തിനോട് ചേർന്നുള്ള ഫുട്ബ്രിഡ്‌ജിന്റെയും 12 മീറ്റർ വീതിയിലും 26 മീറ്റർ നീളത്തിലുമുള്ള മെയിൻ ബ്രിഡ്ജിന്റെ ഡെക്ക് സ്ലാബിന്റെയും നിർമ്മാണം ഇതിനോടകം പൂർത്തിയായി.  ക്രാഷ് ഗാർഡിന്റെ നിർമ്മാണം മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളത്. പാലത്തിനോട് അനുബന്ധമായുള്ള 100 മീറ്റർ അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുക്കൽ ഉടൻ പൂർത്തിയാക്കാനാവശ്യമായ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. കൊമ്മാടി പാലത്തിന്റെ ഇരു കരകളിലുമായി നിർമ്മിക്കുന്ന 12 പയിലുകളിൽ നാലെണ്ണത്തിന്റെ പണി പൂർത്തിയാക്കിയിട്ടുണ്ട്. ശേഷിക്കുന്നവ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നതെന്നും എം.എൽ.എ. അറിയിച്ചു.

കെ.ആർ.എഫ്.ബി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരവിന്ദ് സച്ചിൽ, കെ.ആർ.എഫ്.ബി. അസിസ്റ്റന്റ് എഞ്ചിനീയർ എസ്. അരുൺ, കിഫ്‌ബി – പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നവരും എം.എൽ.എ.യ്‌ക്കൊപ്പമുണ്ടായിരുന്നു. കെ.ആർ.എഫ്.ബി.യും കിഫ്‌ബിയും ചേർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

Share
അഭിപ്രായം എഴുതാം