ബ്രഹ്മപുത്രയില്‍ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട്

ഗുവാഹത്തി: അസാമിലെ ബ്രഹ്മപുത്ര നദിയില്‍ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട്. ഗുവാഹത്തിയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ജോര്‍ഹിത്തിലാണ് അപകടമുണ്ടായത്.

08/09/21 ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് യാത്രക്കാരുമായി പോകുകയായിരുന്ന ബോട്ടുകള്‍ കൂട്ടിയിടിച്ചത്. യാത്രക്കാരുടെ വാഹനങ്ങളടക്കം ബോട്ടുകളില്‍ ഉണ്ടായിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഒരു കുഞ്ഞ് ഉള്‍പ്പെടെ നിരവധി പേരെ രക്ഷപ്പെടുത്തിയ ശേഷം ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം ഇരുപതോളം പേരെ കാണാതായതായി പൊലീസ് പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചെന്നും സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു. സംസ്ഥാന മന്ത്രി ബിമല്‍ ബോറയോട് ഉടന്‍ അപകടം നടന്ന മജൂലിയിലേക്ക് പോകാനും സ്ഥിതിഗതികള്‍ വിലയിരുത്താനും നിര്‍ദ്ദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം