ആലപ്പുഴ: ജില്ലയിലെ രണ്ടാമത്തെ ദുരിതാശ്വാസ അഭയ കേന്ദ്രം ചെറുതനയില്‍ പ്രവര്‍ത്തനം തുടങ്ങി

ആലപ്പുഴ: ജില്ലയിലെ രണ്ടാമത്തെ ദുരിതാശ്വാസ അഭയ കേന്ദ്രം ചെറുതനയില്‍ പ്രവര്‍ത്തനം തുടങ്ങി. അഭയ കേന്ദ്രത്തിന്റെ ഉദ്ഘാടനം റവന്യു ദുരന്തനിവാരണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. ദുരിതകാലത്ത് മാത്രം ഉപയോഗിക്കുന്നതിന് പകരം നിയമം അനുശാസിക്കുന്ന മറ്റ് ആവശ്യങ്ങള്‍ക്കും അഭയകേന്ദ്രം ഉപയോഗിക്കണമെന്ന് മന്ത്രി പറഞ്ഞു. അഭയകേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ചെറുതന ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എബി മാത്യുവിനു മന്ത്രി അഭയ കേന്ദ്രത്തിന്റെ താക്കോല്‍ കൈമാറി. റീ സര്‍വ്വേ നടപടികള്‍ ആരംഭിച്ച് 55 വര്‍ഷ കാലം പിന്നിടുമ്പോള്‍ 55 ശതമാനം സര്‍വ്വേ നടപടികള്‍ മാത്രമാണ് പൂര്‍ത്തീകരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുള്ളത്. ഈ വസ്തുതയുടെ വെളിച്ചത്തില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 807 കോടി രൂപ അനുവദിച്ച് 
നാല് വര്‍ഷ കാലം കൊണ്ട് മറ്റുള്ള വില്ലേജുകളിലും ഡിജിറ്റല്‍ സംവിധാനം നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു.

ചുഴലി, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലകപ്പെടുന്നവരെ മാറ്റിപ്പാര്‍പ്പിക്കാനായാണ് കാര്‍ത്തികപ്പള്ളി താലൂക്കിലെ ചെറുതനയില്‍ ആയാപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ ദുരിതാശ്വാസ അഭയകേന്ദ്രം തുറന്നിരിക്കുന്നത്. ലോക ബാങ്കിന്റെ സഹായത്തോടെ ആറു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ജില്ലയിലെ രണ്ടാമത്തെ ദുരിതാശ്വാസ അഭയ കേന്ദ്രമാണ് ചെറുതനയിലേത്. നാല് നിലകളിലായി 998 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ താഴത്തെ നിലയില്‍ മുതിര്‍ന്നവര്‍ക്കും ഒന്നാം നിലയില്‍ സ്ത്രീകള്‍ക്കും രണ്ടാം നിലയില്‍ പുരുഷന്മാര്‍ക്കും എന്ന രീതിയില്‍ ക്രമീകരിച്ചുകൊണ്ട് ശുചിമുറി, വിശ്രമ കേന്ദ്രം, സിക്ക് റൂം, ഹാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മൂന്നാം നിലയില്‍ സ്റ്റെയര്‍ റൂമുകള്‍ ജല സംഭരണിയുമുണ്ട്. കോവിഡ് മൂലം ചുരുങ്ങിയ കാലത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കേണ്ടി വന്നെങ്കിലും സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് കഴിഞ്ഞു.

ചടങ്ങില്‍ രമേശ് ചെന്നിത്തല എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അഡ്വ.എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയായി. ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എ. ശോഭ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. പ്രസാദ് കുമാര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹാം,ചെങ്ങന്നൂര്‍ ആര്‍. ഡി. ഒ ടിറ്റി ആനി ജോര്‍ജ്ജ്, പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി. ഐ. നസീം, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ ഡി. സി. ദിലീപ് കുമാര്‍, ആയാപറമ്പ് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീനി ആര്‍. കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം