ആനി രാജയെ തള്ളി കാനം; പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ സി പി ഐ ക്ക് പരാതികളില്ല

തിരുവനന്തപുരം: സി.പി.ഐ ദേശീയ നേതാവ് ആനി രാജയെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് പരാതികളില്ലെന്ന് കാനം 04/09/21 ശനിയാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാരും പൊലീസിനെ സംബന്ധിച്ചിട്ട് വിമര്‍ശനം ഉന്നയിച്ചിട്ടില്ലെന്നും കേരളത്തിലെ പാര്‍ട്ടിക്കും അങ്ങനെയൊരു വിമര്‍ശനം ഇല്ലെന്നും കാനം പറഞ്ഞു.

വിഷയത്തില്‍ കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് അവരെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിനേയും അറിയിച്ചിട്ടുണ്ട്. ഇതൊരു പരസ്യമായ വിവാദമാക്കാനുള്ള കാര്യമല്ല. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണ്. ഞങ്ങള്‍ അത്തരമൊരു വിമര്‍ശനം ഉന്നയിച്ചിട്ടില്ല, കാനം പറഞ്ഞു.

പൊലീസിനെതിരായ ആനി രാജയുടെ പരാമര്‍ശത്തില്‍ സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പുണ്ടായിരുന്നു. പരാമര്‍ശം തെറ്റാണെന്ന നിലപാടിലായിരുന്നു പാര്‍ട്ടി സംസ്ഥാന നേതൃത്വം. വിഷയം പാര്‍ട്ടി കമ്മിറ്റിയിലും ചര്‍ച്ചയായിരുന്നു.

കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന ഗുരുതര ആരോപണമായിരുന്നു ആനി രാജ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വ്വമായ ഇടപെടല്‍ പൊലീസില്‍ നിന്ന് ഉണ്ടാകുന്നുണ്ടെന്നും സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേകമായി വകുപ്പും മന്ത്രിയും വേണമെന്നും ആനി രാജ പറഞ്ഞിരുന്നു.

പൊലീസിന്റെ അനാസ്ഥ മൂലം മരണങ്ങള്‍വരെ ഉണ്ടാവുന്നു. ദേശീയതലത്തില്‍ പോലും നാണക്കേട് ഉണ്ടാക്കുന്നതാണ് പൊലീസിന്റെ നയം.

ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് അങ്ങേയറ്റം ജാഗ്രതയോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരുന്ന സമയത്തുതന്നെ ആ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന രീതിയില്‍ കേരളത്തിലെ പൊലീസിലെ ഒരു വിഭാഗം പ്രവര്‍ത്തിക്കുകയുണ്ടായി.

അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വന്നത്. ആ സമയത്ത് കൂടുതല്‍ ശക്തിയോടെ ഈ സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കണമെന്ന അജണ്ട വെച്ചുകൊണ്ട് പൊലീസ് വീണ്ടും പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരിക്കുകയാണെന്നായിരുന്നു ആനി രാജ പറഞ്ഞത്.

Share
അഭിപ്രായം എഴുതാം