ടോക്കിയോ: ഇന്നലെ വനിതാ ഷൂട്ടിങ് താരം അവനി ലെഖാര, അമ്പെയ്ത്ത് താരം ഹര്‍വീന്ദര്‍ സിങ് എന്നിവര്‍ വെങ്കലവും ഹൈജമ്പില്‍ മത്സരിച്ച പ്രവീണ്‍ കുമാര്‍ വെള്ളിയും നേടിയതോടെയാണു ഇന്ത്യയുടെ മെഡല്‍ നേട്ടം 13 ലെത്തി. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും നേടി ഇന്ത്യ 37ാം സ്ഥാനത്തെത്തി. 85 സ്വര്‍ണവും 53 വെള്ളിയും 46 വെങ്കലവും അടക്കം 184 മെഡലുകള്‍ നേടിയ ചൈന ഒന്നാം സ്ഥാനത്തു തുടരുകയാണ്. 37 സ്വര്‍ണവും 34 വെള്ളിയും 40 വെങ്കലവും അടക്കം 111 പോയിന്റ് നേടിയ ബ്രിട്ടനാണു രണ്ടാമത്. 1960 ലെ പ്രഥമ പാരാലിമ്പിക്സ് മുതല്‍ മത്സരിക്കുന്ന ഇന്ത്യ ആദ്യമായാണു മെഡല്‍ നിലയില്‍ രണ്ടക്കം കടക്കുന്നത്. 2016 ലെ റിയോ ഗെയിംസ് വരെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 12 ആയിരുന്നു.വനിതാ ടേബിള്‍ ടെന്നീസ് താരം ഭാവിനബെല്‍ പട്ടേലിന്റെ വെള്ളിയോടെയാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. പിന്നാലെ ജാവലിന്‍ താരം സുമിത് ആന്റിലും അവനിയും സ്വര്‍ണം നേടി. നിഷാദ് കുമാര്‍, ദേവേന്ദ്ര ജജാരിയ, പ്രവീണ്‍ കുമാര്‍, യോഗേഷ് കാതൂനിയ, മാരിയപ്പന്‍ തങ്കവേലു എന്നിവര്‍ വെള്ളിയും നേടി. സുന്ദര്‍ സിങ് ഗുര്‍ജാര്‍, സിംഹ്രാജ് അദാന, ശരദ് കുമാര്‍ എന്നിവരും അവനിയും ഹര്‍വീന്ദറും വെങ്കലവും കുറിച്ചു.