ആറുജില്ലകളിൽ പ്ലസ്‌വണ്ണിന്‌ കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതൽ സീറ്റുകൾ

തിരുവനന്തപുരം:സംസ്‌ഥാനത്ത ആറുജില്ലകളിൽ പത്താം ക്ലാസ്‌ വിജയിച്ച കുട്ടികളുടെ എണ്ണത്തേക്കാൾ പ്ലസ്‌വണ്ണിന്‌ സീറ്റുകൾ കൂടുതൽ. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ്‌ എസ്‌.എസ്‌.എൽ. സി. പരീക്ഷയ്‌ക്ക്‌ വിജയിച്ച കുട്ടികളുടെ എണ്ണത്തേക്കാൾ സീറ്റ്‌ ഹയർസെക്കൻഡറിക്ക്‌ കൂടുതലുള്ളത്‌.

തിരുവനന്തപുരം, പാലക്കാട്‌, മലപ്പുറം, കണ്ണൂർ, കോഴിക്കോട്‌, വയനാട്‌, കാസർകോട്‌ ജില്ലകളിലാണ്‌ കഴിഞ്ഞ ദിവസം 20 ശതമാനം സീറ്റുകൾ കൂട്ടിയത്‌. സീറ്റ്‌ വർധിപ്പിച്ചപ്പോഴാണ്‌ തിരുവനന്തപുരം ജില്ലയിൽ കുട്ടികളുടെ എണ്ണത്തേക്കാൾ സീറ്റ്‌ കൂടിയത്‌.

ആറുജില്ലകളിൽ എസ്‌.എസ്‌.എൽ.സി.ക്ക്‌ വിജയിച്ച കുട്ടികളുടെ എണ്ണം, ഹയർസെക്കൻഡറി സീറ്റുകൾ എന്നീ ക്രമത്തിൽ( ബ്രായ്‌ക്കറ്റിൽ അധിക സീറ്റുകൾ)

തിരുവനന്തപുരം:- 33891, 37650 (3759)

ആലപ്പുഴ:-21917, 22639 (722)

പത്തനംതിട്ട:-10341, 14781 (4440)

ഇടുക്കി:- 11197, 11867 (670)

കോട്ടയം:-19636, 22208 (2572)

എറണാകുളം:- 31491, 32539 (1048)

സി.ബി.എസ്‌.ഇ., ഐ.സി.എസ്.ഇ. സിലബസിൽനിന്നുള്ള കുട്ടികൾ സംസ്‌ഥാന പ്ലസ്‌ടു സിലബസിലേക്ക്‌ വന്നില്ലെങ്കിൽ ഈ ജില്ലകളിൽ ഇത്തവണ സീറ്റുകൾ ഒഴിഞ്ഞുകിടക്കും. ബാക്കി എട്ടുജില്ലകളിലും സീറ്റുകൾ കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതലാണ്‌.

കഴിഞ്ഞ വർഷം സംസ്‌ഥാനത്ത്‌ സി.ബി.എസ്‌.ഇ./ഐ.സി.എസ്‌.ഇ. സിലബസിൽ നിന്നുള്ള 37,000 കുട്ടികൾ ഹയർ സെക്കൻഡറി കേരള സിലബസിൽ ചേർന്നുവെന്നാണ്‌ കണക്ക്‌. എന്നിട്ടും ഹയർ സെക്കൻഡറിയിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു.

ഈ വർഷം അവർക്ക് പൊതു പരീക്ഷയില്ലാഞ്ഞതിനാൽ ചേരുന്നവരുടെ എണ്ണം കുറഞ്ഞേക്കാം. പോളിടെക്‌നിക്കിലും വി.എച്ച്.എസ്‌.ഇ.യിലും കുട്ടികൾ ചേരുന്നതുകൂടി കണക്കാക്കിയാൽ ഇപ്പോഴത്തെ നിലയിലുള്ള സീറ്റുവർധന അശാസ്‌ത്രീയമാണെന്ന്‌ എയ്‌ഡഡ്‌ ഹയർ സെക്കൻഡറി ടീച്ചേഴ്‌സ്‌ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞവർഷത്തെക്കാൾ 2551 കുട്ടികൾ മാത്രമാണ് അധികമായി എസ്‌.എസ്‌.എൽ.സി. വിജയിച്ചത്.

വർഷാവർഷം ഒഴിഞ്ഞുകിടക്കുന്ന ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി സീറ്റുകൾ പരിഗണിക്കുമ്പോൾ സീറ്റുവർധന ആവശ്യമില്ലെന്ന്‌ എയ്‌ഡഡ്‌ ഹയർ സെക്കൻഡറി ടീച്ചേഴ്‌സ്‌ അസോസിയേഷൻ പറയുന്നു.

ഹയർ സെക്കൻഡറി സീറ്റുകൾ സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കാതിരിക്കാൻ ഒരു ബാച്ചിലെ കുട്ടികളുടെ എണ്ണം, വർഷാവർഷമുള്ള മാർജിനൽ വർധന ഒഴിവാക്കി 50 ആയി നിജപ്പെടുത്തണമെന്നും ഒരു ജില്ലയിൽ, കഴിഞ്ഞ വർഷത്തെക്കാൾ അധികമായി വിജയിച്ച പത്തോ, ഇരുനൂറോ കുട്ടികളുടെ പേരിൽ സീറ്റ് കൂട്ടാനും പുതിയ ബാച്ച് അനുവദിക്കാനും തുനിയരുതെന്നും എ.എച്ച്‌.എസ്‌.ടി.എ. ജനറൽ സെക്രട്ടറി എസ്.മനോജ് അഭിപ്രായപ്പെട്ടു.

Share
അഭിപ്രായം എഴുതാം