കൊച്ചി: പൊലീസിനെതിരെ ഹൈക്കോടതി. പൊലീസ് മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് കോടതി പറഞ്ഞു.
പൊലീസ് ജനങ്ങളെ എടാ, എടീ എന്നിങ്ങനെ വിളിക്കുന്നത് നിര്‍ത്തണമെന്നും ഇത് സംബന്ധിച്ച് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി 03/09/21 വെള്ളിയാഴ്ച നിര്‍ദേശിച്ചു. പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം.
ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്ത് പലയിടത്തും പൊലീസ് അതിക്രമത്തെക്കുറിച്ച് വ്യാപകമായി പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദ്ദേശം.
വാഹനപരിശോധനക്കിടെ മൂന്ന് വയസുകാരിയെ കാറില്‍ തനിച്ചാക്കി പൊലീസ് താക്കോല്‍ ഊരിയെടുത്ത സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഫെബ്രുവരിയില്‍ തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് വെച്ചു നടന്ന സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിരുന്നു.