കൊല്‍ക്കത്ത: ലോക്‌സഭാ എം.പിയും പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ അധിര്‍ രഞ്ജന്‍ ചൗധരിയ്ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. മുര്‍ഷിദാബാദ് ജില്ലയിലെ ഗുധായിപുര ഗ്രാമത്തില്‍വെച്ചാണ് അധിര്‍ ആക്രമിക്കപ്പെട്ടത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ തൃണമൂല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവരങ്ങള്‍ അന്വേഷിക്കാനെത്തിയതായിരുന്നു അധിര്‍. അധിറിന്റെ വാഹനത്തിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ പാഞ്ഞടക്കുകയും ആക്രമിക്കുകയുമായിരുന്നു.
‘ഇവിടെ ഇപ്പോഴും ഭീതിയുടെ സാഹചര്യം നിലനില്‍ക്കുന്നു. ഞങ്ങള്‍ ഇവിടെ നിന്ന് മാറിയാല്‍ പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടേക്കാം,’ അധിര്‍ പറഞ്ഞു.
മുഴുവന്‍ കൊള്ളയും അക്രമവും നടന്നത് പൊലീസ് നോക്കി നില്‍ക്കെയാണെന്നും അദ്ദേഹം ആരോപിച്ചു. ക്രമസമാധാന നില പുനസ്ഥാപിക്കുന്നതിനും ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനും ഉടന്‍ ഇടപെടണമെന്നും അധിര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇക്കാര്യമാവശ്യപ്പെട്ട് അധിര്‍ രഞ്ജന്‍ ചൗധരി മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് കത്തയച്ചു. കേന്ദ്രസര്‍ക്കാരിനെതിരെ മമതാ ബാനര്‍ജിയും സോണിയ ഗാന്ധിയും മുന്‍കൈയെടുത്ത് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമമെന്നതും ശ്രദ്ധേയമായി.