യുവാവ് ഉളികൊണ്ട് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകം

പെരുവനന്താനം: ഇടുക്കി പെരുവനന്താനത്ത് യുവാവ് ഉളികൊണ്ട് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകം. സംഭവത്തിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. വയറ്റിൽ ആഴത്തിലുള്ള മുറിവുമായി പെരുവന്താനം മരുതുംമൂട് സ്വദേശി ലിൻസണെ 2021 ആഗസ്റ്റ് 27 വെള്ളിയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിലാണ് കുത്തേറ്റതാണെന്ന് കണ്ടെത്തിയത്

വീണപ്പോൾ ഉളി വയറിൽ തറച്ചുകയറിയതെന്നാണ് ഇയാൾ മരിക്കുന്നതിന് മുന്പായി ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു. ദേഹത്ത് അടിപിടിയുണ്ടായതിന്റെ പാടുകളുമുണ്ട്. ഇതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയും സുഹൃത്ത് അജോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. പ്രതിയായ അജോ മരപ്പണിക്കാരനാണ്. വെള്ളിയാഴ്ച കാലത്ത് ഇയാളുടെ വർക്ക്ഷോപ്പിൽ വച്ച് ലിൻസണുമായി വാക്ക് തർക്കമുണ്ടായിരുന്നു. വൈകീട്ട് വീണ്ടുമെത്തിയ ലിൻസണ് വഴക്കുണ്ടാക്കി. അത് അടിപിടിയിലെത്തുകയും അജോ ഉളിയെടുത്ത് കുത്തുകയുമായിരുന്നു.

ലിൻസണ് സാരമായി പരിക്കേറ്റെന്ന് മനസ്സിലായ അജോ തന്നെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അടിപിടിക്കിടെയാണ് കുത്തേറ്റതെന്ന കാര്യം രണ്ടാളും ഡോക്ടറിൽ നിന്ന് മറച്ചുവച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിന് പിന്നാലെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോൾ അജോ കുറ്റം സമ്മതിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.

Share
അഭിപ്രായം എഴുതാം