വൈരാഗ്യം തീർക്കാൻ ചന്ദനത്തടികൾ വണ്ടിയിൽ വച്ച് ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്തായി ആക്ഷേപം

വയനാട്: മുത്തങ്ങ റെയിഞ്ചിൽ ചന്ദനത്തടികൾ കണ്ടെത്തിയ സംഭവത്തിൽ ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധം. കാടംകൊല്ലി കോളനിയിലെ സുഭാഷിന്റെ ജീപ്പിൽ ചന്ദനത്തടികൾ കണ്ടെത്തിയെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിന്റെ കേസ്. അതേ സമയം വനംവകുപ്പ് കള്ളകേസിൽ കുടുക്കിയാണ് സുഭാഷിനെ കസ്റ്റഡിയിലെടുത്തതെന്ന് ആരോപിച്ച് തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷൻ മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. വൈരാഗ്യം തീർക്കാൻ ജീപ്പിൽ ഉദ്യോഗസ്ഥർ തന്നെ കൊണ്ടു വച്ചതാണ് തടികളെന്നും നാട്ടുകാർ ആരോപിക്കുന്നു.

വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് സുഭാഷിനോടുള്ള വൈരാഗ്യത്തിൽ ചന്ദനത്തടികൾ ജീപ്പിൽ കൊണ്ടുവച്ചതാണെന്നാണ് ആരോപണം.

ആദിവാസി കോളനിക്ക് സമീപത്ത് നിന്ന് മുറിച്ച ചന്ദനമരത്തടികൾ കണ്ടെത്തിയെന്ന് വനംവകുപ്പ് പറയുന്നു. ചന്ദനത്തടികളും ജീപ്പും കസ്റ്റഡിയിലെടുത്തു. സുഭാഷിനെ വിശദമായി ചോദ്യം ചെയ്ത് വിട്ടയക്കും. കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം