റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

20,000 പേരുടെ ജീവനെടുത്ത് കോവിഡില്‍ ഒന്നാമതെത്തിച്ചതാണ് ഭരണനേട്ടം- കെ സുധാകരന്‍

August 27, 2021 - 9:58 pm

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ നൂറു ദിനം പിന്നിടുമ്പോൾ കോവിഡ് വ്യാപനത്തിൽ കേരളത്തെ രാജ്യത്ത് ഒന്നാമത് എത്തിച്ച് ഇരുപതിനായിരം പേരുടെ ജീവനെടുത്തു എന്നതാണ് ഭരണനേട്ടമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വൻ പരാജയമാണ്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണത്തിൽ 65 ശതമാനവും കേരളത്തിലാണ്.

മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണം താഴെയ്ക്ക് പോകുമ്പോൾ കേരളത്തിൽ മാത്രം തുടർച്ചയായി മുകളിലോട്ട് ഉയരുകയാണ്. രാജ്യത്ത് ആകെ 3.44 ലക്ഷം രോഗബാധിതരിൽ 1.82 ലക്ഷം രോഗികളും കേരളത്തിൽ നിന്നാണ്. ടി.പി.ആർ 19 ശതമാനത്തിന് മുകളിലാണ്. കോവിഡ് മാനദണ്ഡങ്ങളിലെ പിഴവ് പലതവണ ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടിയെങ്കിലും തിരുത്താൻ സർക്കാർ തയ്യാറായില്ലെന്നും സുധാകരൻ വെള്ളിയാഴ്ച(28/08/21) വാർത്താക്കുറിപ്പിൽ ആരോപിച്ചു.

കോവിഡ് സംബന്ധമായ യഥാർത്ഥ കണക്കുകൾ ഇതിനും മുകളിലാണ്. കോവിഡ് പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും സർക്കാർ ഒളിച്ചുകളി നടത്തുന്നു. സർക്കാർ കണക്കുപ്രകാരം 20,000 പേർക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. യാഥാർത്ഥ്യം ഇതിനും അപ്പുറമാണ്. ഇനിയെത്രപേരെക്കൂടി കേരള സർക്കാർ കുരുതികൊടുക്കുമെന്നതാണ് ജനങ്ങളുടെ ആശങ്കയെന്നും സുധാകരൻ പറഞ്ഞു.

ലോകത്തിന് തന്നെ കേരള ആരോഗ്യ രംഗം മോഡലായിരുന്നു. അതിന്റെ കടയ്ക്കലാണ് പിണറായി സർക്കാർ കത്തിവെച്ചത്. കോവിഡ് പരിശോധനയിലും കേരളസർക്കാർ പരാജയമാണ്. ആന്റിജൻ പരിശോധനയ്ക്ക് മാത്രമാണ് സംസ്ഥാന സർക്കാർ പ്രാധാന്യം നൽകുന്നത്. വാക്സിൻ വിതരണത്തിലും അലംഭാവം തുടരുകയാണെന്നും സുധാകരൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *