ആഫ്രിക്കയില്‍ സ്വര്‍ണ്ണഖനനത്തിലാണ്, കല്യാണങ്ങള്‍ക്ക് പോകലല്ല എം.എല്‍.എയുടെ പണി; കാണാനില്ലെന്ന പ്രചരണങ്ങള്‍ക്ക് പിന്നാലെ പി.വി അന്‍വര്‍

നിലമ്പൂര്‍: തന്നെ കാണാനില്ലെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ ആഫ്രിക്കയിലേക്ക് പോയത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന് അന്‍വര്‍ 22/08/21 ഞായറാഴ്ച പറഞ്ഞു.

‘യു.ഡി.എഫ് എന്നെ നിരന്തരം വേട്ടയാടുന്നു. ആഫ്രിക്കയിലേക്ക് പോയത് പാര്‍ട്ടി അനുമതിയോടെയാണ്. പാര്‍ട്ടി എനിക്ക് മൂന്ന് മാസം ലീവ് അനുവദിച്ചിട്ടുണ്ട്,’ അന്‍വര്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി മൂലം നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കയിലെ സിയറ ലിയോണില്‍ സ്വര്‍ണഖനനത്തിലാണ് താനെന്നും അന്‍വര്‍ പറഞ്ഞു.

‘നാട്ടില്‍ അത്യാവശ്യം കച്ചവടവുമായി ജീവിച്ച് പോയിരുന്ന ഒരാളാണ് ഞാന്‍. നിരന്തരം കള്ള വാര്‍ത്തകള്‍ നല്‍കി മാധ്യമങ്ങള്‍ അത് പൂട്ടിച്ചു. അതുകൊണ്ടാണ് എനിക്ക് അവിടെ നിന്ന് ആഫ്രിക്കയില്‍ വരേണ്ടി വന്നത്,’ അന്‍വര്‍ പറഞ്ഞു.

മാധ്യമങ്ങളാണ് തന്നെ നാടുകടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഞായറാഴ്ച പോലും പ്രര്‍ത്തിക്കുന്ന എം.എല്‍.എ ഓഫീസാണ് തന്റേത്. ഒരു മാസത്തിന് ശേഷമേ മടങ്ങി വരുകയുള്ളൂവെന്നും പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കല്യാണങ്ങള്‍ക്ക് പോകലും വയറുകാണലും നിശ്ചയത്തിന് പോയി ബിരിയാണി കഴിക്കലും അല്ല എം.എല്‍.എയുടെ പണി. വോട്ട് നേടാന്‍ വേണ്ടി ഒരു കല്യാണത്തിനും ഞാന്‍ പോയിട്ടില്ല. പോവുകയുമില്ല,’ അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തില്ലെങ്കിലും മണ്ഡലവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു എം.എല്‍.എ ആയാല്‍ ആര്‍ക്കും കുതിര കയറാമെന്ന ധാരണയുള്ള പത്രക്കാര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം