ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യവിമാന വാഹിനി ‘വിക്രാന്ത്‌ ‘കൊച്ചിയില്‍ ഒരുങ്ങുന്നു

കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാന വാഹിനി കപ്പലായ വിക്രാന്ത്‌ കൊച്ചി കപ്പല്‍ നിര്‍മാണ ശാലയില്‍ ഒരുങ്ങുന്നു. വിക്രാന്തിന്റെ ഇലക്ട്രിക്കല്‍ സവിശേഷതകള്‍ സീനിയര്‍ ഇലക്ട്രിക്കല്‍ ഓവര്‍സിയര്‍ കമാന്‍ഡര്‍ ശ്രീജിത്ത്‌ തമ്പി വെളിപ്പെടുത്തി. വിക്രാന്തില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയാല്‍ അതിന്‌ 2100 കിലോമീറ്റര്‍ നീളം വരും. അതായത്‌ കൊച്ചിയില്‍നിന്ന്‌ ഡെല്‍ഹി വരെയുളള ദൂരം.

വിക്രാന്തില്‍ ക്രമീകരിച്ചിരിക്കുന്ന ഊര്‍ജ്ജം ഉപയോഗിച്ചാല്‍ കൊച്ചി നഗരത്തിന്റെ പകുതിഭാഗം പ്രകാശപൂരിതമാക്കാന്‍ കഴിയും. ഡീസല്‍ ജനറേറ്റര്‍ ഉപയോഗിച്ചാണ്‌ ഊര്‍ജ്ജോത്‌പ്പാദനം നടത്തുക. മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന വിക്രന്തിന്‌ 7500 മൈല്‍ പോകാനുളള ശേഷിയുണ്ട്‌. ഡിഫന്‍സ്‌ പിആര്‍ഒ കമാന്‍ഡര്‍ അതുല്‍പിളള വിക്രാന്തിന്റെ തന്ത്ര പ്രധാന വിശേങ്ങള്‍ പങ്കുവച്ചു.

യുദ്ധവിമാനങ്ങളും ഹെലിക്കോപ്‌റ്ററുകളും ലാന്‍ഡ്‌ ചെയ്യുന്നതിന്‌ സമീപത്തുളള ഡക്കുകളിലാണ്‌ നിയന്ത്രണ സംവിധാനങ്ങള്‍ ഉളളത്‌. ഡയറക്ട്രേറ്റ്‌ ഓഫ്‌ നേവല്‍ ഡിസൈന്‍ ആണ്‌ കപ്പസലിന്റെ രൂപകല്‍പ്പന ചെയ്‌തിട്ടുളളത്‌. ടോപ്പ്‌ ഡക്കിലെ റണ്‍വേയില്‍ ലാന്‍ഡ്‌ ചെയ്യുന്ന വിമാനങ്ങള്‍ ലിഫ്‌റ്റിലൂടെയാണ്‌ പാര്‍ക്കിംഗ്‌ ഏരിയായിലേക്ക്‌ താഴ്‌ത്തി കൊണ്ടുവരുന്നത്‌. 30 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുളള രണ്ട്‌ ലിഫറ്റുകളാണുളളത്‌. 360 ഡിഗ്രിയില്‍ കറങ്ങുന്ന ടേബിളില്‍ നിന്നാവും വിമാനം പാര്‍ക്കുചെയ്യേണ്ട ദിശയിലേക്ക്‌ നീങ്ങുക.

രണ്ട്‌ ഫുഡ്‌ബോള്‍ മൈതാനങ്ങള്‍ ചേരുന്ന വലുപ്പമുളള ഈ കപ്പലിന്‌ 30 എയര്‍ ക്രാഫ്‌റ്റുകളെ വഹിക്കാനാവും. 20 ഫൈറ്റര്‍ ജെറ്റുകള്‍ ഇവിടെ പാര്‍ക്ക്‌ ചെയ്യുമ്പോള്‍ 10 ഹെലിക്കോപ്‌റ്ററുകള്‍ മുളിലെ ഡക്കിലും പാര്‍ക്കുചെയ്യും. നേവല്‍ ആര്‍ക്കിടെക്ട്‌ കമാന്‍ഡര്‍ മനോജ്‌ കുമാര്‍ വിക്രാന്തിനെ പരിചയപ്പെടുത്തി.

Share
അഭിപ്രായം എഴുതാം