ഭര്‍ത്താവിന്റെ സുഹൃത്തിനെ വീട്ടില്‍ കയറി വെട്ടാന്‍ ക്വട്ടേഷന്‍; ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റില്‍

കണ്ണൂർ: കണ്ണൂർ പരിയാരം ശ്രീസ്ഥയിലെ കരാറുകാരനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ക്വട്ടേഷൻ നൽകിയെന്ന് പറയുന്ന ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ. കേരള ബാങ്ക് കണ്ണൂർ ശാഖയിലെ ഉദ്യോഗസ്ഥ ശ്രീസ്ഥ പട്ടുവളപ്പിൽ എൻ.വി.സീമ (52)യാണ് അറസ്റ്റിലായത്. തലശ്ശേരി ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പരിയാരം എസ്.ഐ. കെ.വി.സതീശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കോറോം കാനായിയിലെ വീടിനടുത്തുനിന്ന് 13/08/21 വെള്ളിയാഴ്ച ഇവരെ അറസ്റ്റ് ചെയ്തത്.

പരിയാരം പോലീസ് സ്റ്റേഷനിലെത്തിച്ച സീമയെ ഇൻസ്പെക്ടർ കെ.വി.ബാബുവിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തു. കുറ്റങ്ങളെല്ലാം ഇവർ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കേസിൽ ക്വട്ടേഷൻ സംഘത്തിലെ അഞ്ചുപേർ നേരത്തേ അറസ്റ്റിലായിരുന്നു. രണ്ടുപേർകൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

ഏപ്രിൽ 18- നാണ് കേസിനാസ്പദമായ സംഭവം. ശ്രീസ്ഥയിലെ വീട്ടുവരാന്തയിലിരിക്കുകയായിരുന്ന കരാറുകാരൻ പി.വി.സുരേഷ് ബാബു (52)വിനെ രാത്രിയിലെത്തിയ ക്വട്ടേഷൻ സംഘം പിടിച്ചിറക്കി വെട്ടുകയായിരുന്നു.

കണ്ണൂർ പടന്നപ്പാലത്ത് ഫ്ലാറ്റിൽ താമസിക്കുന്ന സീമ ബന്ധുവും ഭർത്താവിന്റെ സുഹൃത്തുമായ ഇയാളെ അക്രമിക്കാൻ സംഭവത്തിന് രണ്ടുമാസംമുമ്പാണ് ക്വട്ടേഷൻ നൽകിയതെന്ന് പോലീസ് പറഞ്ഞു. ഭർത്താവിനെ വഴിതെറ്റിക്കുന്നുവെന്ന ധാരണയിലാണ് പ്രതികാരം ചെയ്യാൻ ക്വട്ടേഷൻ നൽകിയതെന്ന് സീമ മൊഴി നൽകി. കടം വാങ്ങിയ പണം തിരികെ നൽകാത്തതും 10 ലക്ഷം രൂപയുടെ സ്ഥലം വിറ്റ വകയിൽ പറഞ്ഞ കമ്മിഷൻ തരാത്തതും മകന് ബൈക്കപകടം സംഭവിക്കാൻ കാരണക്കാരൻ സുരേഷ് ബാബുവാണെന്നതുമാണ് ഇയാളോടുള്ള വൈരാഗ്യത്തിന് കാരണമെന്നും ഇവർ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.

സീമ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് സമീപത്തെ നീതി മെഡിക്കൽ സ്റ്റോറിൽ ജോലിചെയ്യുമ്പോൾ പരിചയപ്പെട്ട മേലതിയടം പാലയാട്ടെ കെ.രതീഷി(39)നെയാണ് ദൗത്യമേൽപ്പിച്ചത്. 10,000 രൂപ അഡ്വാൻസ് കൈപ്പറ്റിയ രതീഷ് ക്വട്ടേഷൻ സംഘത്തിന് ദൗത്യം കൈമാറി. നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻ ഹൗസിൽ അഭിലാഷ് (29), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39), നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല സ്വദേശി കൃഷ്ണദാസ് (20) എന്നിവരടങ്ങിയ സംഘമാണ് സുരേഷ് ബാബുവിനെ വീട്ടിൽക്കയറി വെട്ടിയത്. ഇവർ അഞ്ചുപേരും റിമാൻഡിലാണ്. ക്വട്ടേഷൻ നടപ്പാക്കിയ വകയിൽ മൂന്നുലക്ഷം രൂപ ഇവർ വാങ്ങിയതായും പോലീസ് കണ്ടെത്തി.

Share
അഭിപ്രായം എഴുതാം