വനിതാ കമ്മീഷനിലെ ‘ഹരിത’ നേതാക്കളുടെ പരാതി; അച്ചടക്കലംഘനമാണെന്ന് മുസ്‌ലിം ലീഗ്

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശവും അധിക്ഷേപവും നടത്തിയെന്ന് കാണിച്ച് ലീഗ് വനിതാ വിദ്യാര്‍ത്ഥിനി കൂട്ടായ്മയായ ഹരിതയുടെ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത് അച്ചടക്കലംഘനമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.

പാര്‍ട്ടിക്ക് ലഭിച്ച പരാതിയില്‍ ഇരുവിഭാഗങ്ങളെയും കേള്‍ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തതാണെന്നും ലഭിച്ച പരാതിയില്‍ തുടര്‍നടപടികള്‍ പരിഗണനയിലിരിക്കുകയായിരുന്നെന്നും സലാം പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ സംഘടനാപരിധിക്ക് പുറത്തേക്ക് കൊണ്ട് പോകുന്നതും വനിതാകമ്മീഷനെ സമീപിച്ചതും അച്ചടക്കലംഘനമായി കാണാതിരിക്കാനാവില്ലെന്നും പി.എം.എ.സലാം വ്യക്തമാക്കി.

എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ.എന്‍.എ. കരീമും വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിനെതിരെ രംഗത്ത് എത്തി. നേരത്തെ പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് രംഗത്ത് എത്തിയിരുന്നു.

തനിക്കെതിരായ പരാതിക്ക് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും ശിഖണ്ഡി യുദ്ധം നയിക്കുന്ന നായകര്‍ക്ക് തന്റെ പച്ചമാംസം കൊത്തി വലിക്കാന്‍ ഇനിയും താന്‍ നിന്നുതരാമെന്നും നവാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

പാര്‍ട്ടിയിലെ സെലിബ്രിറ്റികളുടെ ആലയില്‍ ഇരിക്കേണ്ട ഗതികേടൊന്നും തനിക്ക് വന്നിട്ടില്ലെന്നും മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചതില്‍ ഉണ്ടായ തര്‍ക്കങ്ങളാണ് ഈ വിഷയങ്ങളുടെ മൂല കാരണമെന്നും നവാസ് ആരോപിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →