ചിന്നക്കനാലിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു

മൂന്നാർ: ഇടുക്കി ചിന്നക്കനാലിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. ആദിവാസി പുനരധിവാസ മേഖലയായ 301 കോളനിയിലാണ് 45 വയസ്സ് പ്രായമുള്ള പിടിയാന ചരിഞ്ഞത്. വേലിയിൽ കൂടി അമിത അളവിൽ വൈദ്യുതി കടത്തിവിട്ടതാണ് ആനയുടെ ജീവൻ അപകടത്തിലാക്കിയത് എന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.

വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങുന്നത് തടയാൻ സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയിൽ തട്ടിയാണ് കാട്ടാന ചരിഞ്ഞത്. 12/08/21 വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അപകടം. വേലിയിൽ കൂടി അമിത അളവിൽ വൈദ്യുതി കടത്തിവിട്ടതാണ് ആനയുടെ ജീവന് ഭീഷണിയായത്. സംഭവത്തിൽ സമീപവാസികളെ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചതായി ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.ശ്രീകുമാർ പറഞ്ഞു.

ആന ചരിഞ്ഞ സ്ഥലത്ത് നിന്ന് കണ്ടെത്തിയ വൈദ്യുതി കമ്പികളുടെ ബാക്കി ഭാഗം സമീപത്ത് താമസിക്കുന്ന പാൽക്കുളം കുടിയിൽ സുരേഷിന്റെ വീട്ടിൽ നിന്നും വനം വകുപ്പിന് ലഭിച്ചു.ആനയുടെ ജഡം വനം വകുപ്പ് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം സംസ്കരിക്കും.

അതേസമയം സർക്കാർ അനുമതിയോട് കൂടിയാണ് വൈദ്യുതി വേലി സ്ഥാപിച്ചത് എന്നാണ് സ്ഥലമുടമയുടെ വിശദീകരണം. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മൂന്ന് കാട്ടാനകളാണ് ചിന്നക്കനാൽ മേഖലയിൽ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞത്.

Share
അഭിപ്രായം എഴുതാം