മതം മാറാൻ ആവശ്യപ്പെടുന്നത് നിർബന്ധിത മതമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ് : മതം മാറാൻ ആവശ്യപ്പെടുന്നത് നിർബന്ധിത മതമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. യു.പി പോലീസ് അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. നിർബന്ധിതമായി മതം മാറ്റാൻ ശ്രമം നടത്തിയെന്ന വാദം തെറ്റാണെന്നും കോടതി 13/08/21 വെള്ളിയാഴ്ച ചൂണ്ടിക്കാട്ടി.

ഈ വർഷം ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്നുള്ള കമിതാക്കളായ യുവാവും യുവതിയുമാണ് വിവാഹം കഴിക്കുന്നതിനായി ഡെറാഡൂണിലേക്ക് ഒളിച്ചോടിപ്പോയത്.

വിവാഹം കഴിക്കുന്നതിനായി മതംമാറാൻ യുവതിയോട് യുവാവ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, യുവാവ് നിർബന്ധിത മതം മാറ്റത്തിന് ശ്രമിച്ചെന്നു ചൂണ്ടികാട്ടിയാണ്‌ യു.പി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നും ആരോപണമുണ്ടായിരുന്നു.

എന്നാൽ, യുവതിയുടെ മൊഴിയിൽ എവിടെയും നിർബന്ധിത മതത്തിന് വ്യക്തമായ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമവും നടന്നിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. യു.പി സർക്കാർ പാസാക്കിയ നിർബന്ധിത മതനിയമ നിരോധന നിയമത്തിന്റെ പരിധിയിലെവിടെയും ഈ കേസിനെ ഉൾപ്പെടുത്താനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. യുവാവിന് ജാമ്യം നിഷേധിച്ച കീഴ്ക്കോടതി വിധി തെറ്റാണെന്നും കേസിൻറെ വിശദാംശങ്ങൾ നിരീക്ഷിക്കുന്നതിൽ കീഴ്ക്കോടതി പരാജയപ്പെട്ടുവെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം