തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. മൂലമറ്റം പവർ സ്റ്റേഷനിലെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കണ്ടെത്തിയാണ് വൈദ്യുതി നിയന്ത്രണം പിൻവലിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നും 400 മെഗാ വാട്ട് വൈദ്യുതി കിട്ടി തുടങ്ങിയതിനാലാണ് നിയന്ത്രണം 12/08/2021 വ്യാഴാഴ്ച 9 മണിയോടെ പൂർണ്ണമായും പിൻവലിച്ചതെന്ന് കെഎസ് ഇബി അറിയിച്ചു.
ഇടുക്കി മൂലമറ്റത്ത് ആറ് ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്നാണ് 12/08/2021 വ്യാഴാഴ്ച രാത്രി 7.30 മുതൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടായത്. സാങ്കേതിക തടസത്തെ തുടർന്നാണ് ജനറേറ്റുകളുടെ പ്രവർത്തനം പെട്ടന്ന് നിലച്ചത്. വൈദ്യുതി ഉത്പ്പാദനത്തിൽ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്.
പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഇതര സംസ്ഥാനങ്ങളിലെ വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കുകയായിരുന്നു. രാത്രി 7.30 മുതൽക്കാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതെങ്കിലും 9 മണിയോടെ ഇത് പിൻവലിക്കുകയായിരുന്നു. 11.30 ഓടെ മൂലമറ്റത്തെ ജനറേറ്റർ തകരാർ പരിഹരിച്ചു. ആറ് ജനറേറ്ററുകളും പ്രവർത്തനക്ഷമമെന്ന് അധികൃതർ അറിയിച്ചു. ജനറേറ്ററിലേക്ക് കറന്റ് കൊടുക്കുന്ന ബാറ്ററിയുടെ തകരാർ ആണ് ജനറേറ്ററുകൾ നിന്നു പോകാൻ കാരണമെന്നാണ് വിശദീകരണം. ഇലക്ട്രിസിറ്റി ബോർഡ് ചെയർമാൻ 13/08/2021 വെള്ളിയാഴ്ച മൂലമറ്റത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തും.