കൊച്ചി: ടോക്യോ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ മലയാളി ഹോക്കി താരം പി.ആർ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് നടൻ മമ്മൂട്ടി. 12/08/21 വ്യാഴാഴ്ച രാവിലെ എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്. ഒളിമ്പിക്സ് മെഡൽ ഏറ്റുവാങ്ങിയപ്പോൾ ഇതുപോലെ കൈവിറച്ചിട്ടില്ലെന്ന് മമ്മൂട്ടിയിൽ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് പിആർ ശ്രീജേഷ് പറഞ്ഞു.
മമ്മൂട്ടിയുടെ ഈ സർപ്രൈസ് വിസിറ്റ് നിർമാതാവ് ആന്റോ ജോസഫ് പ്രൊഡക്ഷൻ കൺട്രോളർ എൻഎം ബാദുഷ എന്നിവർക്കൊപ്പമായിരുന്നു.
പിആർ ശ്രീജേഷിന് സർക്കാർ പാരിതോഷികമായി രണ്ട് കോടി രൂപ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകിയിട്ടുണ്ട്. ആഗസ്ത് അഞ്ചിനാണ് പിആർ ശ്രീജേഷ് ഉൾപ്പെടുന്ന ഇന്ത്യൻ ഹോക്കി ടീമിന് വെങ്കലം ലഭിച്ചത്. ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറാണ് ശ്രീജേഷ്.