കൊച്ചി: വിവാദമായ സഭ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്ക് കനത്ത തിരിച്ചടി. ഭൂമി ഇടപാടിൽ കർദിനാൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കർദിനാൾ ജോർജ് ആലഞ്ചേരി വിചാരണ നേരിടേണ്ടതാണെന്ന കീഴ്ക്കോടതി ഉത്തരവ് ശരിവെച്ച ഹൈക്കോടതി കർദിനാൾ സമർപ്പിച്ച ആറ് ഹർജികളും തള്ളി.
എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാടുള്ള 60 സെന്റ് ഭൂമി വിൽപന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് കേസ്.
വിചാരണ നേരിടണമെന്നുള്ള എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തു കൊണ്ടാണ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
മാർ ജോർജ്ജ് ആലഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ വിചാരണ നേരിടണമെന്നായിരുന്നു കീഴ്ക്കോടതി ഉത്തരവ്.