തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്, ഇരു മുന്നണികളും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. എൽഡിഎഫ് എട്ട് സീറ്റുകളിലും യുഡിഎഫ് ഏഴ് സീറ്റുകളിലും വിജയിച്ചു. എൽ.ഡി.എഫിന്റെ അഞ്ച് സിറ്റിങ് സീറ്റുകൾ യു.ഡി.എഫും യു.ഡി.എഫിന്റെ മൂന്ന് വാർഡുകൾ എൽ.ഡി.എഫും പിടിച്ചെടുത്തു. ബി.ജെ.പിക്ക് ഒരിടത്തും വിജയിക്കാനായില്ല.

ഒരിടത്തും ഭരണമാറ്റം ഉണ്ടാവാത്ത തരത്തിലുള്ള ഉപതെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. ആലപ്പുഴ മുട്ടാർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യവോട്ടാണ് ലഭിച്ചത്. നറുക്കെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. സുൽത്താൻ ബത്തേരി നഗരസഭയിലെ പഴേരി ഡിവിഷനും പത്തനംതിട്ട കലഞ്ഞൂർ പഞ്ചായത്തിലെ ഇരുപതാം വാർഡുമാണ് എൽഡിഎഫ് പിടിച്ചെടുത്ത മറ്റ് സീറ്റുകൾ. കോട്ടയം എളിക്കുളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി പരാജയപ്പെട്ടു.

നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷൻ യുഡിഎഫ് തിരിച്ചുപിടിച്ചിട്ടുണ്ട്. എറണാകുളത്ത് അട്ടിമറിയിലൂടെ മൂന്ന് സീറ്റുകളാണ് യുഡിഎഫ് സ്വന്തം കൈകളിലെത്തിച്ചത്.

പിറവം മുനിസിപ്പാലിറ്റിയിലെ അഞ്ചാം ഡിവിഷൻ, മാറാടി പഞ്ചായത്തിലെ ആറാം വാർഡ്, വാരപ്പട്ടി പഞ്ചായത്തിലെ 13 ആം വാർഡ് എന്നിവ എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ്. പിടിച്ചെടുത്തു.

Share
അഭിപ്രായം എഴുതാം