രണ്ടുഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കണം-കേന്ദ്ര ടൂറിസം മന്ത്രാലയം

ന്യൂഡൽഹി: രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റുള്ളവർക്ക് അന്തർ സംസ്ഥാന യാത്ര അനുവദിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം. ഇത്തരക്കാർക്ക് നെഗറ്റീവ് ആർടിപിസിആർ പരിശോധനാ ഫലം വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് അന്തർ സംസ്ഥാന യാത്ര അനുവദിക്കണമെന്ന് നേരത്തെ ലോക്സഭയിൽ കേന്ദ്ര ടൂറിസം മന്ത്രി കിഷൻ റെഡ്ഡി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം രേഖാമൂലം ചൂണ്ടിക്കാട്ടി കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. അന്തർ സംസ്ഥാന യാത്രാ മാനദണ്ഡത്തിൽ സംസ്ഥാനങ്ങൾ ഏകീകൃത പ്രോട്ടോക്കോൾ പാലിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.

നിലവിൽ ഓരോ സംസ്ഥാനങ്ങൾക്കും അവർക്ക് തോന്നിയ തരത്തിലാണ് ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുന്നത്. സിക്കിമിലും മഹാരാഷ്ട്രയിലും മാത്രമാണ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റുള്ളവർക്ക് അന്തർ സംസ്ഥാന യാത്ര അനുവദിക്കുന്നത്. പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് നെഗറ്റീവ് ആർടിപിസിആർ ഫലം നിർബന്ധമാണ്.

ഇത്തരം നിബന്ധനകൾ ടൂറിസം വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്നുവെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചില സംഘടനകൾ കേന്ദ്ര സർക്കാരിനോട് പരാതിപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്ര നിർദേശം. ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണ്.

Share
അഭിപ്രായം എഴുതാം