ആലപ്പുഴ : ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ആസൂത്രണ സമിതി സംഘടിപ്പിച്ച ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി. ജില്ലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ജില്ലാ വികസന കമ്മീഷണർ കെ. എസ് അഞ്ജു സെമിനാറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഭൂമിയുടെയും ജലത്തിന്റെയും അടക്കം പാരിസ്ഥിതിക മേഖലകൾക്ക് സംരക്ഷണം ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ജനകീയാസൂത്രണ സംവിധാനത്തിലൂടെ കഴിഞ്ഞുവെന്നു സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് അവർ പറഞ്ഞു. ജലാശയങ്ങൾ മലിനപ്പെടുന്നതടക്കം ഒട്ടേറെ കാതലായ പ്രശ്നങ്ങളും ജില്ലയിൽ നിലനിൽക്കുന്നു. ഉത്തരവാദിത്വ ടൂറിസം അടക്കമുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചുകൊണ്ടാവണം നാം ഇതിനെ നേരിടേണ്ടതെന്ന് അവര്‍ പറഞ്ഞു.
പരിസ്ഥിതി പ്രവർത്തകൻ എം. ഗോപകുമാർ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി. കുട്ടനാട്, കരപ്പുറം, ഓണാട്ടുകര എന്നിങ്ങനെ മൂന്നായി തരം തിരിച്ചുകൊണ്ട് ഏറെ വൈവിധ്യങ്ങൾ നിറഞ്ഞ ജില്ലയിൽ ഓരോരോ മേഖലകൾക്കും അനുയോജ്യമായ പരിസ്ഥിതി സൗഹൃദപരമായ വികസന പ്രവർത്തനങ്ങളാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിനു ഐസക് രാജു, എൻ. എസ് ശിവപ്രസാദ്, ജില്ലാ പ്ലാനിങ് ഓഫിസർ എസ്. സത്യപ്രകാശ്, റിസർച്ച് ഓഫിസർ എസ്. സജിമോൻ, ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ, വിവിധ വകുപ്പ് തല പ്രതിനിധികൾ തുടങ്ങിയവർ ഓൺലൈൻ സെമിനാറിൽ പങ്കെടുത്തു.