ജമ്മുവില്‍ പുറത്ത് നിന്ന് ഭൂമി വാങ്ങിയത് 2 പേര്‍ മാത്രമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു പുറത്തുള്ള രണ്ടുപേര്‍ മാത്രമാണു നിലവില്‍ ജമ്മുവില്‍ ഭൂമി വാങ്ങിയിട്ടുള്ളത്. കശ്മീര്‍ താഴ്വരയില്‍ ആരും ഭൂമി വാങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. പൊതുവായ ആവശ്യങ്ങള്‍ക്കായി ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് സര്‍ക്കാരിനു ഭൂമി ഏറ്റെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി. കാര്‍ഷികാവശ്യത്തിനല്ലാതെ കശ്മീരില്‍ ഭൂമി വാങ്ങാന്‍ സ്ഥിരമാതസ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണോയെന്നു കോണ്‍ഗ്രസ് എം.പി. അഖിലേഷ് സിങ് രാജ്യസഭയില്‍ ആരാഞ്ഞു. പ്രത്യേകപദവി എടുത്തുകളഞ്ഞ 2019 ഓഗസ്റ്റ് അഞ്ചിനുശേഷം, ഭരണഘടനയിലെ എല്ലാ വ്യവസ്ഥകളും കശ്മീരിനു ബാധകമാണെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി.നിര്‍ധനരായ കര്‍ഷകര്‍ക്കു ഭൂമി പുനര്‍വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞശേഷം ഹിന്ദു സമുദായത്തില്‍പ്പെട്ട ഒന്‍പതുപേരുടെ പരമ്പരാഗതവസ്തുവകകള്‍ മാത്രമാണു തിരികെനല്‍കിയതെന്നു കേന്ദ്രസര്‍ക്കാര്‍. അഭയാര്‍ഥികളായ 520 കശ്മീരികള്‍ തിരികെയെത്തി പ്രധാനമന്ത്രിയുടെ പദ്ധതിപ്രകാരം ജോലിയില്‍ പ്രവേശിച്ചെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയില്‍ വ്യക്തമാക്കി. ശിവസേന എം.പി. അനില്‍ ദേശായിയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. കശ്മീരില്‍ കൈയേറപ്പെട്ട പരമ്പരാഗതവസ്തുവകകള്‍ നിലവില്‍ ജില്ലാ മജിസ്ട്രേറ്റുമാരുടെ അധീനതയിലാണ്. ഇവ തിരികെ ലഭിക്കാന്‍ അപേക്ഷ നല്‍കേണ്ടതും ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കാണ്.

Share
അഭിപ്രായം എഴുതാം