ഇന്ത്യന്‍ ഫുട്ബോളര്‍ ജിങ്കന്‍ ഇനി ക്രൊയേഷ്യയില്‍ കളിക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോളര്‍ സന്ദേശ് ജിങ്കന്‍ ക്രൊയേഷ്യന്‍ ഫസ്റ്റ് ലീഗ് ക്ലബ് എച്ച്.എന്‍.കെ. സിബെനികുമായി കരാറിലെത്തി.ക്ലബുമായി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പുവയ്ക്കും. ഗ്രീസ്, ക്രൊയേഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലായി മൂന്ന് ക്ലബുകള്‍ താരത്തിനായി രംഗത്തുണ്ടായുരുന്നു. ജിങ്കന് എ.ടി.കെ. മോഹന്‍ ബഗാനില്‍ ഇനിയും നാലു വര്‍ഷത്തെ കരാറുണ്ടെങ്കിലും യൂറോപ്പില്‍നിന്ന് ഓഫര്‍ വന്നാല്‍ പോകാന്‍ അനുവദിക്കുമെന്ന വ്യവസ്ഥയുണ്ട്.യൂറോപ്യന്‍ ലീഗില്‍ കളിക്കുന്നതു രാജ്യത്തെ മികച്ച സെന്റര്‍ ബാക്കായ ജിങ്കന്റെ വലിയ മോഹമാണ്. കഴിഞ്ഞ ലീഗ് സീസണില്‍ ആറാം സ്ഥാനക്കാരായിരുന്നു സിബെനിക്.അതേസമയം,ജിങ്കന്റെ അഭാവം എ.എഫ്.സി. കപ്പില്‍ എ.ടി. കെയ്ക്കു തിരിച്ചടിയാകും. കഴിഞ്ഞ സീസണിലെ മികച്ച താരമായിരുന്നു ജിങ്കന്‍. 28 വയസുകാരനായ ജിങ്കന്‍ യൂറോപ്പിലെ മുന്‍നിര ക്ലബുകളില്‍ കളിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാകും. ബംഗളുരു എഫ്.സിയുടെ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു നോര്‍വേയില്‍ കളിച്ചിട്ടുണ്ട്.മുഹമ്മദന്‍ സ്പോര്‍ട്ടിങിന്റെ മുഹമ്മദ് സലിമാണ് യൂറോപ്പില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം.

Share
അഭിപ്രായം എഴുതാം