മുഖ്യമന്ത്രിക്കു വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന്​ സ്വപ്​ന സുരേഷിന്റെ മൊഴി​

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സ്​പീക്കർ ശ്രീരാമകൃഷണനും വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന്​ സ്വർണകടത്തു​ കേസ്​ പ്രതി സ്വപ്​നയുടെ മൊഴി. 2017 ലെ മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയോടനുബന്ധിച്ച്​​ വിദേശകറൻസി കടത്തിയിട്ടുണ്ടെന്ന്​​ സ്വപ്​നയുടെ മൊഴിയിലുണ്ട്​. മുഖ്യമന്ത്രി യു.എ.ഇയിൽ എത്തിയ ശേഷം പ്രിൻസിപ്പിൽ സെക്രട്ടറി ശിവശങ്കർ സ്വപ്​നയെ ഫോണിൽ വിളിച്ച്​ ഒരു പാക്കറ്റ്​ മുഖ്യമന്ത്രിക്ക്​ എത്തിക്കേണ്ടതുണ്ടെന്ന്​ അറിയിക്കുകയായിരുന്നു. ഈ പാക്കറ്റ്​ കോൺസുലേറ്റിലെ അഡ്​മിൻ അറ്റാഷെയായ അഹമ്മദ്​ ‘അൽദൗഖി നേരിട്ട്​ യു.എ.ഇയിൽ എത്തിക്കുകയായിരുന്നുവെന്നാണ്​ സ്വപ്​നയുടെ മൊഴി.

ഒരു പാക്കറ്റ്​ പൊതു ഭരണ വകുപ്പിലെ ഉദ്യേഗസ്​ഥനായ ഹരികൃഷ്​ണനിൽ നിന്ന്​ വാങ്ങിയെന്നും ഇതാണ്​ അഹമ്മദ്​ അൽദൗഖി വഴി മുഖ്യമന്ത്രിക്കായി യു.എ.ഇയിൽ എത്തിച്ചതെന്നും മറ്റൊരു പ്രതിയായ സരിത്തിന്റെ മൊഴിയിലുണ്ട്​.

ഹരികൃഷ്​ണൻ അസിസ്റ്റന്റ്​ പ്രോട്ടോക്കോൾ ഓഫീസറാണ്​. ഈ പാക്കറ്റ്​ സ്​കാൻ ചെയ്​തപ്പോൾ ഒരു ബണ്ടിൽ കറൻസി കണ്ടതായും സരിത്തിന്റെ മൊഴിയിലുണ്ട്​. ഈ പാക്കറ്റ്​ എത്തിച്ചു നൽകിയതിന്​ ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തനിക്ക് നൽകിയെന്നും സരിത്ത് വ്യക്തമാക്കി. അഹമ്മദ്​ അൽദൗഖി വഴി ഈ പാക്കറ്റ്​ യു.എ.ഇയിലുള്ള മുഖ്യമന്ത്രിക്ക്​ എത്തിച്ചു നൽകുകയായിരുന്നു.

യു.എ.ഇ കോൺസുലേറ്റിലെ ഫിനാൻസ്​ ഹെഡായ ഖാലിദ്​ പ്രതിയായ ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട്​ കസ്റ്റംസ്​ ആറു പ്രതികൾക്ക്​ നൽകിയ ഷോകോസ്​ നോട്ടീസിലാണ്​ മൊഴികളുള്ളത്​.

പാക്കറ്റ്​ യു.എ.ഇയിലേക്ക്​ എത്തിച്ചു നൽകിയതായി എ.ശിവശങ്കർ സ്​ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അതിൽ വിദേശത്തുള്ളവർക്ക്​ നൽകാനുള്ള സമ്മാനങ്ങളായിരുന്നുവെന്നും വിദേശ കറൻസി ആയിരുന്നില്ലെന്നുമാണ്​ ശിവശങ്കർ പറയുന്നത്​. മുഖ്യമന്ത്രി പോകുന്ന സമയത്ത്​ ഒരു സമ്മാനം മാത്രമാണ്​ തയ്യാറായിരുന്നതെന്നും മൂന്ന്​ സമ്മാനങ്ങൾ കൂടി അവിടെ എത്തിക്കേണ്ടതുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ സമ്മാനം ആരു വഴിയാണ്​ എത്തിച്ചതെന്ന്​ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം