പത്തനംതിട്ട: ഓണം മാര്‍ക്കറ്റ്- പ്രത്യേക ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് പത്തനംതിട്ടയില്‍ പരിശോധന ആരംഭിച്ചു

പത്തനംതിട്ട: ഓണക്കാലത്ത് ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പത്തനംതിട്ട ജില്ലയില്‍ പരിശോധന ശക്തമാക്കി. ജില്ലയില്‍ പ്രത്യേക നിരീക്ഷണങ്ങള്‍ക്കായി സ്പെഷ്യല്‍ സ്‌ക്വാഡും രൂപീകരിച്ചു. 

ഓണക്കാലത്ത് ജില്ലയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരവും സ്ഥാപനങ്ങളുടെ ശുചിത്വ നിലവാരവും പരിശോധിച്ച്  ഉറപ്പുവരുത്തുന്നതിനും നിയമ ലംഘനങ്ങള്‍ക്കു കര്‍ശനമായ നടപടികള്‍ കൈകൊള്ളുന്നതും ലക്ഷ്യമിട്ട് രണ്ട് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യ സുരക്ഷാ ലൈസന്‍സില്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ പാടില്ല. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചാല്‍ അഞ്ച് ലക്ഷം രൂപ പിഴയും ആറു മാസം തടവും ലഭിക്കാവുന്ന കുറ്റമാണ്. മതിയായ വിവരങ്ങള്‍ ഇല്ലാതെ ഭക്ഷണ സാധനങ്ങളുടെ വില്‍പനയും വിതരണവും നടത്തുക, ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളുടെ ഭക്ഷണ പായ്ക്കറ്റുകള്‍ വിതരണത്തിനായി എത്തിക്കുക, മാര്‍ക്കറ്റ് വിലയേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങള്‍ വിതരണത്തിനായി എത്തിക്കുക, ശുചിത്വ നിലവാരമില്ലാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക, കൃത്രിമ നിറങ്ങളും ചേരുവകളും അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുക തുടങ്ങി ഭക്ഷ്യ സുരക്ഷയെ ബാധിക്കുന്ന നിയമ ലംഘനങ്ങള്‍ കണ്ടെത്തി തടയിടുന്നതിനും നിയമ നടപടികള്‍ കൈക്കൊള്ളുന്നതിനും സ്‌ക്വാഡ് പ്രത്യേകം ശ്രദ്ധിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസി.കമ്മീഷണര്‍ അറിയിച്ചു. 

കൃത്രിമ  നിറം അടങ്ങിയ ഭക്ഷണ സാധനങ്ങളുടെ ഉല്‍പാദനവും വില്‍പനയും നടക്കുന്നതായോ, മാര്‍ക്കറ്റ് വിലയേക്കാള്‍ വളരെ വിലകുറവില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കള്‍, പ്രത്യേകിച്ച് ഓണകാലത്ത് വളരെയധികം വില്‍പന നടക്കുന്ന വെളിച്ചെണ്ണ, നെയ്യ്, ശര്‍ക്കര, പപ്പടം, പായസ കിറ്റുകള്‍, തുടങ്ങിയ ഭക്ഷ്യ സാധനങ്ങള്‍ വില്‍പന നടക്കുന്നതായോ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ അവ വാങ്ങാതിരിക്കുന്നതിനും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തുന്നതിനും ശ്രദ്ധിക്കണമെന്നും അറിയിച്ചു. 

ഓണം മാര്‍ക്കറ്റിന്റെ തിരക്കിനിടയില്‍ ജില്ലയില്‍ ഗുണനിലവാരമില്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് പുറത്തുനിന്നും ഏജന്‍സികള്‍ എത്താന്‍ സാധ്യതയുണ്ട്. ഇവരില്‍ നിന്ന് ജില്ലയിലെ വ്യാപാരികള്‍ വില്‍പനയ്ക്കായി ഇവ വാങ്ങി സൂക്ഷിച്ചാല്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും. ഇത്തരം ഏജന്‍സികളെക്കുറിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കണമെന്നൃം ഭക്ഷ്യസുരക്ഷാ അസി.കമ്മീഷണര്‍ അറിയിച്ചു. വ്യാപാരികള്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്  സ്ഥാപനങ്ങളില്‍  പ്രദര്‍ശിപ്പിക്കണം. ഭക്ഷ്യ സുരക്ഷാ നിലവാര നിയമപ്രകാരമുളള മാനദണ്ഡങ്ങള്‍ പാലിക്കുന്നതോടൊപ്പം  കോവിഡ് മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം.  

ഭക്ഷ്യ സുരക്ഷയെക്കുറിച്ചുളള സംശയങ്ങള്‍ക്കും പരാതികള്‍ക്കും ചുവടെ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം. സ്പെഷ്യല്‍ സ്‌ക്വാഡ് -1: ആറന്മുള, തിരുവല്ല, റാന്നി സര്‍ക്കിളുകള്‍ – 8943346539, 8943346588. സ്പെഷ്യല്‍ സ്‌ക്വാഡ് -2: അടൂര്‍, കോന്നി സര്‍ക്കിളുകള്‍ – 8943346589, 7593000862. ജില്ലാ ഓഫീസ്- 8943346183. ടോള്‍ ഫ്രീ നമ്പര്‍- 1800 425 1125.

Share
അഭിപ്രായം എഴുതാം