മരട് ഫ്ലാറ്റ് അഴിമതിക്കേസ്; സിപിഎം നേതാവിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും അപേക്ഷ നൽകി ക്രൈംബ്രാഞ്ച്; അന്വേഷണം അന്തിമഘട്ടത്തിൽ

കൊച്ചി : മരട് ഫ്ലാറ്റ് അഴിമതിക്കേസിൽ സി.പി.ഐ.എം. നേതാവ് കെ.എ. ദേവസിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും സർക്കാരിന് അപേക്ഷ നൽകി. ഇത് മൂന്നാം തവണയാണ് സർക്കാരിന് ക്രൈംബ്രാഞ്ച് അപേക്ഷ നൽകുന്നത്. മുമ്പ് രണ്ട് തവണ അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

തീരപരിപാലന നിയമങ്ങൾ കാറ്റിൽ പറത്തി മരടിൽ പടുകൂറ്റൻ ഫ്ലാറ്റുകൾ നിർമിച്ച കേസുകൾ കൈംബ്രാഞ്ചും വിജിലൻസും അന്വേഷിക്കുണ്ട്. ജയിൻ കോറൽ കോവ്, ആല്ഫാ സറീൻ, എച്ച്ടു ഓ ഹോളിഫെയ്ത്ത് എന്നിവ സംബന്ധിച്ച കേസുകളാണ് ക്രൈംബ്രാഞ്ചിൻറെ കൈവശമുള്ളത്. വിജിലൻസ് അന്വേഷിക്കുന്നത് ഗോൾഡൻ കായലോരം സംബന്ധിച്ച കേസുകളാണ്. നാല് സമുച്ചയങ്ങളിലുമായുള്ളത് 328 ഫ്ലാറ്റുകളാണ്. അന്വഷണം ഇപ്പോൾ അന്തിമ ഘട്ടത്തിലാണ്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെയും നിയമിച്ചു. ഓരോ വ്യക്തിഗത പരാതിയിലും പ്രത്യേകം കുറ്റപത്രങ്ങൾ ഫയൽ ചെയ്യണം എന്നാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമോപദേശം.

മരട് പഞ്ചായത്ത് മുൻ പ്രസി‍ഡൻറും സിപിഎം നേതാവുമായി കെ എ ദേവസ്സിയുടെ നേതൃത്വത്തിലാണ് ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ള നിർമാണങ്ങൾക്ക് ഗൂഢാലോചന നടന്നതെന്നാണ് ആരോപണം. പൊതുസേവകൻ എന്ന നിലയിൽ ദേവസ്സിക്കെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിന് കത്ത് നൽകിയിട്ട് രണ്ട് വർഷം കഴിഞ്ഞു. അപേക്ഷയിൽ തീരുമാനം എടുക്കാൻ ഇത് വരെ സർക്കാർ തയ്യാറായിട്ടില്ല.

Share
അഭിപ്രായം എഴുതാം