ആലപ്പുഴ: എ സി റോഡ് പുനർനിർമ്മാണം; പാലംപണി നടക്കുന്ന ഭാഗങ്ങളില്‍ നാല് ചക്രവാഹനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കും-ജില്ല കളക്ടര്‍

• ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കും

ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പാലം പുനർനിർമ്മാണം നടക്കുന്ന കൈതവന ഭാഗത്ത് വാഹനങ്ങൾ കർശനമായി നിയന്ത്രിക്കാൻ ജില്ലാകലക്ടര്‍ എ.അലക്സാണ്ടര്‍ നിർദ്ദേശം നൽകി. നേരത്തെതന്നെ ഇരുചക്രവാഹനങ്ങളും ആംബുലൻസും അടിയന്തിര സാഹചര്യങ്ങളില്‍ ചെറിയ നാലുചക്ര വാഹനങ്ങളും താല്‍ക്കാലികമായി തയ്യാറാക്കിയ പാലത്തിലൂടെ കടത്തിവിടാൻ തീരുമാനിച്ചിരുന്നെങ്കിലും വാഹനങ്ങൾ കടന്നുപോകുന്നത് നിരന്തരം സമീപ വാസികളുമായി തർക്കത്തിന് ഇടയാക്കുന്നത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ജില്ല കളക്ടര്‍ പണി നടക്കുന്ന ഭാഗങ്ങള്‍ സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. നിലവിൽ വാഹന ഗതാഗത ക്രമീകരണങ്ങൾ ജില്ലാ കളക്ടർ നേരിട്ട് വിലയിരുത്തി. 

അടിയന്തര സാഹചര്യങ്ങളിൽ ചെറിയ നാലുചക്ര വാഹനങ്ങൾ അനുവദിച്ചിരുന്നെങ്കിലും അനിവാര്യമല്ലാത്ത കാരണങ്ങൾക്ക് നിരവധിപേർ തര്‍ക്കമുന്നയിക്കുകയും പാലം പണി തുടരുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. വാഹനം നിയന്ത്രിച്ചിട്ടും കൈതവന ജംഗ്ഷന് കിഴക്കുവശത്തും പുൽപ്പള്ളി ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തും വാഹനത്തിരക്ക് ഏറെയാണ്. ഇത് റോഡ് നിർമാണം ദ്രുതഗതിയിൽ മുന്നോട്ടുപോകാൻ തടസ്സം ഉണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു. വാഹനഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസ് നടപടി സ്വീകരിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

Share
അഭിപ്രായം എഴുതാം