ജനീവ: പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന തിങ്കളാഴ്‌ച(09/08/21) സ്ഥിരീകരിച്ചു.
ഗിനിയയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വവ്വാലിൽ നിന്നാണു മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത്. മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കും.
ഗിനിയയിലെ ഗ്വക്കെഡോയിൽ ആഗസ്റ്റ് രണ്ടിന് മരിച്ച രോഗിയിൽ നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് രോഗബാധ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം നടത്തിയ പരിശോധനയിൽ എബോള നെഗറ്റീവായെങ്കിലും മാർബർഗ് പോസിറ്റീവാകുകയായിരുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുക്കളായ മൂന്ന് പേർ നിരീക്ഷണത്തിലാണ്. 88 ശതമാനം വരെ മരണനിരക്ക് ഉണ്ടാക്കാവുന്ന വൈറസാണിത്.
“മാർബർഗ് വൈറസ് കൂടുതൽ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ നമ്മൾ ജാഗ്രത പുലർത്തേണ്ടതുണ്ട്.” ആഫ്രിക്കയിലെ ലോകാരോഗ്യ സംഘടന റീജിയണൽ ഡയറക്ടർ ഡോ. മത്ഷിദിസോ മൊയ്തി പറഞ്ഞു.
1967 മുതൽ 12 തവണ മാർബർഗ് ബാധ ആഫ്രിക്കയിൽ ഉണ്ടായിട്ടുണ്ട്, ഇതിൽ കൂടുതലും തെക്കൻ, കിഴക്കൻ ആഫ്രിക്കയിലായിരുന്നു.