അർബുദ രോഗബാധയെ തുടർന്ന് അന്തരിച്ച നടി ശരണ്യയുടെ ചികിത്സയുടെ നാൾ വഴികൾ –

ബ്രെയിൻ ട്യൂമറിനെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്ന സിനിമ സീരിയൽ താരം ശരണ്യ ശശിയുടെ വിയോഗം സുഹൃത്തുക്കളെയും പ്രേക്ഷകരെയും ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. നിരവധി പേരാണ് ശരണ്യക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തുന്നത്. വർഷങ്ങളായുള്ള ചികിത്സയ്ക്കിടയിലും ഇനിയും അഭിനയരംഗത്തേക്ക് മടങ്ങിവരാമെന്നുള്ള പ്രതീക്ഷ ശരണ്യക്ക് ഉണ്ടായിരുന്നു.

ദൂരദർശനിലെ സൂര്യോദയം എന്ന പരമ്പരയിലൂടെയാണ് വർഷങ്ങൾക്കു മുമ്പ് ടെലിവിഷൻ രംഗത്തേക്ക് എത്തിയ ശരണ്യ തുടർന്ന് നിരവധി പരമ്പരകളിൽ വേഷമിട്ട് കൊണ്ട് പ്രേക്ഷക മനസു കീഴടക്കി. മലയാളത്തിനു പുറമെ അന്യഭാഷകളിലും ശരണ്യ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചിരുന്നു.

ചാക്കോ രണ്ടാമൻ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. തെലുങ്ക് സീരിയലായ സ്വാതിയിൽ അഭിനയിക്കുന്ന സമയത്ത് ശരണ്യ തലവേദനയെ തുടർന്ന് ഡോക്ടറെ കാണിച്ച് മൈഗ്രേനുള്ള മരുന്ന് രണ്ടുമാസത്തോളം കഴിച്ചിരുന്നു. 2012 ൽ ഷൂട്ടിംഗ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്നാണ് സഹപ്രവർത്തകർ ശരണ്യയെ ആശുപത്രിയിൽ എത്തിക്കുന്നത്. തുടർന്ന് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുകയായിരുന്നു.

അതിനുശേഷം അഭിനയരംഗത്തു നിന്നും മാറി കൊണ്ട് ചികിത്സക്ക് വേണ്ടി പോയ നടിക്ക് തുടർച്ചയായ റേഡിയേഷൻ പ്രക്രിയകളും ഓപ്പറേഷനുകളും നടത്തുകയും അത് ശരണ്യയുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്തു. 33 തവണയാണ് താരത്തിനെ റേഡിയേഷൻ ചെയ്തത്.

2012 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ഒമ്പത് ശസ്ത്രക്രിയകളാണ് ശരണ്യയുടെ തലയിൽ നടത്തേണ്ടി വന്നത്. ഇതിലെ ഏഴാമത്തെ ശസ്ത്രക്രിയയെത്തുടർന്ന് നടിയുടെ ശരീരത്തിലെ ഒരു വശം തളർന്നു പോയിരുന്നു. പലതവണ രോഗത്തെ അതിജീവിച്ച ശരണ്യയെ തേടി രോഗം വീണ്ടും വരികയായിരുന്നു.

സാമ്പത്തികമായി തകർന്ന ശരണ്യക്കൊപ്പം താങ്ങായും തണലായും ആദ്യാവസാനം വരെ കൂടെയുണ്ടായിരുന്നത് നടി സീമ ജി നായരാണ്. ഈ കാലയളവിൽ അസുഖത്തെ അതിജീവിച്ചതുൾപ്പെടെ ശരണ്യയുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ കൂടുതലും പങ്കുവെച്ചിരുന്നത് സീമ ജി നായർ ആയിരുന്നു.

വീണ്ടും രോഗം കൂടുതൽ ആയ സമയത്ത് ശരണ്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ വേണ്ടി എല്ലാവരോടുമായി അഭ്യർത്ഥിച്ചു സീമ ജി നായർ സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. ഒരു വീട് എന്ന സ്വപ്നത്തിന് ശരണ്യയുടെ കൂടെ നിന്നതും സീമ തന്നെയാണ്. സീമയോടുള്ള ഇഷ്ടത്തെ തുടർന്ന് ശരണ്യയുടെ പുതിയ വീടിന് പേര് നൽകിയത് സ്നേഹസീമ എന്നാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ശരണ്യ ശശിക്ക് ഉണ്ടായിരുന്നു –

മോഹൻലാലിന്റെ ഛോട്ടാ മുംബൈയിലെ മോഹൻലാലിന്റെ അനിയത്തി ഷെറിൻ എന്ന കഥാപാത്രത്തിലൂടെ ശരണ്യ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചെറിയ വേഷങ്ങൾ ചെയ്ത കൊണ്ട് മറ്റ് സിനിമകളിലൂടെയും ശരണ്യ പ്രേക്ഷകർക്കു മുൻപിൽ എത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം