പത്തനംതിട്ട: ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നതിന് പട്ടിക ജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. പട്ടിക വര്‍ഗക്കാരില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് അപേക്ഷിക്കാനുളള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ബിരുദ പരീക്ഷ എഴുതി ഫലം കാത്തു നില്‍ക്കുന്നവര്‍ക്കും അപേക്ഷിക്കാം. കുടിക്കാഴ്ച സമയത്ത് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. 01.08.2021 ല്‍ 20 നും 36 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം മണ്ണന്തലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസ് എക്സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പരീക്ഷ / ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കുന്നത്. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് പ്രത്യേക ധനസഹായം അനുവദിക്കും.
പ്രവേശന പരീക്ഷ നടത്തുന്നത് സിവില്‍ സര്‍വീസ് പ്രിലിമിനറി സിലബസ് അടിസ്ഥാനത്തിലാണ്. അപേക്ഷ ഐ.സി.എസ്.ഇ.റ്റി.എസ് ന്റെ വെബ് സൈറ്റായ www.icsets.org മുഖേന ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 16 ന് വൈകുന്നേരം അഞ്ച് വരെ. അപൂര്‍ണ്ണമായ അപേക്ഷ നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2533272/ www.icsets.org /icsets@gmail.com