രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ്; പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥനെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി വിവരം; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥനെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി വിവരം. രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് വകവരുത്താനായിരുന്നു പദ്ധതിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

രാമനാട്ടുകര കേസില്‍ നേരത്തെ പിടിയിലായ റിയാസിന്റെ ഫോണ്‍ രേഖ പരിശോധിച്ചപ്പോഴാണ് ഈ വിവരം പൊലീസിന് ലഭിച്ചത്. റിയാസിന്റെ വാട്‌സ് സന്ദേശങ്ങളില്‍ ഡിലീറ്റ് ചെയ്തവ പൊലീസ് ബാക്ക് അപ്പ് ചെയ്‌തെടുത്തിരുന്നു. ഇതില്‍ നിന്നാണ് ഗൂഢാലോചന വിവരം പുറത്തു വന്നത്. തൃശൂരില്‍ നിന്ന് നമ്പറും മറ്റ് രേഖകളും ഇല്ലാത്ത ലോറി എത്തിച്ച് അന്വേഷണ സംഘത്തെ കൊലപ്പെടുത്താനായിരുന്നു പ്രതികള്‍ പദ്ധതി ഇട്ടത്.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, താമരശ്ശേരി കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചന. കേസിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താനായിരുന്നു പ്രതികളുടെ നീക്കം. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകനും കൊടുവള്ളി സംഘത്തിന്റെ നേതാവുമായ സൂഫിയാനൊപ്പമുള്ളയാളാണ് റിയാസ് എന്ന കുഞ്ഞീദു.

അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിൽ കരിപ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ പേര്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →