വിവാദങ്ങൾ അടിസ്ഥാന രഹിതം ; ഈശോ സിനിമയുടെ പേര് മാറ്റില്ലെന്ന് നാദിർഷ

കൊച്ചി: സിനിമയുടെ പേരിന്റെ പേരിൽ നടക്കുന്ന വിവാദങ്ങളില്‍ അടിസ്ഥാനമില്ലെന്നും ഈശോ സിനിമയുടെ പേര് മാറ്റാന്‍ ഉദേശിക്കുന്നില്ലെന്നും സംവിധായകന്‍ നാദിര്‍ഷ. പേര് താന്‍ സ്വന്തം ഇഷ്ടപ്രകാരം ഇട്ടതല്ലെന്നും നിര്‍മാതാവ്, നായകന്‍ തുടങ്ങിയവരുടെ അംഗീകാരത്തോടെ ഇട്ട പേരാണെന്നും നാദിര്‍ഷ വ്യക്തമാക്കി.

”പേര് ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം ഇട്ടതല്ല. നിര്‍മാതാവ്, നായകന്‍ തുടങ്ങിയവരുടെ അംഗീകാരത്തോടെ ഇട്ട പേരാണ്. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ അടിസ്ഥാനമില്ല. സിനിമയുടെ പേര് മാറ്റേണ്ട സാഹചര്യവുമില്ല. സിനിമയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കടന്നു കയറുന്നത് അംഗീകരിക്കാനാവില്ല. മുന്‍പ് സമാന പേരുകളുമായി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത വിവാദം ഇപ്പോള്‍ നടക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല.”- നാദിര്‍ഷ പറഞ്ഞു.

ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് ഈശോ സിനിമയുടെ ഉദ്ദേശം എന്നാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആരോപണം. ഈ സിനിമകള്‍ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ സമരം സംഘടിപ്പിക്കാനാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ തീരുമാനം.

ഈശോ സിനിമയുടെ പേര് മാറ്റണം എന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ ദിവസങ്ങളായി തുടരുകയാണ്. കഴിഞ്ഞ ദിവസം സംഭവത്തില്‍ നാദിര്‍ഷക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജും രംഗത്തെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →