സിഡ്നി: അതിമനോഹരമായ ബഹിരാകാശക്കാഴ്ചകൾ എന്നും പങ്കുവയ്ക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകർ പുതുതായി പുറത്തുവിട്ടത് ‘അറോറ ഓസ്ട്രാലിസി'(ധ്രുവദീപ്തി) ന്റെ മനോഹര വർണ രാജികളാണ്.
നിലയത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നാല് ചിത്രങ്ങൾ പങ്ക് വച്ചിട്ടുള്ളത്.
“ഏഷ്യയ്ക്കും അന്റാർട്ടിക്കയ്ക്കും ഇടയിൽ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലുള്ള സ്റ്റേഷനിൽ നിന്നുള്ള ഈ കാഴ്ചകളിൽ അറോറ ഓസ്ട്രലിസ് മനോഹരമാണ്,” ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ഗവേഷകർ കുറിച്ചു.
ഭൂമിയുടെ കാന്തികധ്രുവങ്ങളിൽ നിന്ന് 18° മുതൽ 23° വരെ അകലെയുള്ള ഉപര്യന്തരീക്ഷമേഖലകളിൽ രാത്രിയുടെ ആദ്യയാമം മുതൽ പ്രത്യക്ഷപ്പെടുന്ന ദീപ്തിപ്രസരമാണിത്. പച്ച, ചുവപ്പ് നിറങ്ങളിലാണ് സാധാരണ ഇത് കാണുന്നത്. സൗരക്കാറ്റിൽ നിന്ന് വരുന്ന ചാർജിത കണങ്ങൾ ഭൂമിയുടെ കാന്തികവലയത്തിന്റെ സ്വാധീനത്താൽ ആകർഷിക്കപ്പെടുന്നു. ഈ കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വാതക തൻമാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്.
ദക്ഷിണധ്രുവത്തിൽ ഇത്തരത്തിൽ കാണപ്പെടുന്ന പ്രതിഭാസമാണ് അറോറ ഓസ്ട്രേലിസ് (Aurora Australis). ഉത്തരധ്രുവത്തിൽ രാത്രി ആകാശത്തുകാണപ്പെടുന്ന ദീപ്തിപ്രസരമാണ് അറോറ ബോറിയാലിസ് (Aurora Borealis).