ചണ്ഡീഗഢ്: അകാലിദളിന്റെ വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രഡിഡന്റായ വിക്കി എന്ന മിദ്ദുഖേരയെ പട്ടാപ്പകല്‍ വെടിവെച്ച് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെ മൊഹാലി സെക്ടര്‍ 71-ലെ മട്ടൗര്‍ മാര്‍ക്കറ്റില്‍ വച്ചാണ് നാലംഗ സംഘം വെടിവെച്ച് കൊന്നത്. യുവാവിന് നേരേ 20 റൗണ്ട് വെടിയുതിര്‍ത്തതായാണ് റിപോര്‍ട്ട്. സംഭവത്തിന് ശേഷം അക്രമിസംഘം ഒരു കാറില്‍ രക്ഷപ്പെടുകയും ചെയ്തു. നിരവധി തവണ വെടിയേറ്റ മിദ്ദുഖേരയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വസ്തുവില്‍പ്പനക്കാരനെ കണ്ട് മടങ്ങുന്നതിനിടെ വിക്കിയ്ക്ക് നേരേ മുഖംമറച്ചെത്തിയ രണ്ടുപേര്‍ വെടിവയ്ക്കുകയായിരുന്നു. കാറിലേക്ക് കയറിയ ഉടനെയാണ് ആദ്യം വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പിന്തുടര്‍ന്ന് വെടിവെച്ചു. അതേസമയം, സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് മുതിര്‍ന്ന അകാലിദള്‍ നേതാവും പാര്‍ട്ടി വക്താവുമായ ദല്‍ജിത് സിങ് ചീമ ആവശ്യപ്പെട്ടു.